നിയമസഭയില്‍ ചൂട് മോഡില്‍ സ്പീക്കര്‍. പ്രതിപക്ഷ ബഹളത്തിനിടെ രണ്ടുമണിക്കൂറില്‍ സഭ പിരിഞ്ഞെങ്കിലും രണ്ടുതവണ പ്രതിപക്ഷവും–സ്പീക്കറും ഉടക്കി. സര്‍ക്കാരിന്റെ കിങ്കരനെപ്പോലെയാണ് സ്പീക്കറുടെ പെരുമാറ്റമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.
ചോദ്യോത്തരവേളയില്‍ തന്നെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സമയത്തെക്കുറിച്ച് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശാവര്‍ക്കര്‍മാരുടെ പ്രശ്നം പലതവണ ഉന്നയിച്ചതാണെങ്കിലും, സമയക്ലിപ്തത പാലിക്കണമെന്ന മുന്നറിയിപ്പോടെ അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കുകയായിരുന്നു.
മന്ത്രി മുന്‍സ്പീക്കര്‍ എം.ബി രാജേഷ് ചട്ടം ഓര്‍മിപ്പിച്ചെങ്കിലും അപ്പൊഴേക്കും സ്പീക്കര്‍ നോട്ടിസുമായി മുന്നോട്ടുപോകന്‍ പ്രതിപക്ഷത്തിന് അനുമതി നല്‍കിയിരുന്നു. നോട്ടിസവതരണവും മന്ത്രിയുടെ വിശദീകരണമൊക്കെക്കഴിഞ്ഞ് പ്രതിപക്ഷനേതാവ് ഇറങ്ങിപ്പോക്ക് പ്രസംഗം മുഴുവനാക്കും മുമ്പായിരുന്നു അടുത്ത തര്‍ക്കം.
പ്രതിപക്ഷനേതാവിന് 11 മിനിറ്റ് അനുവദിച്ചെങ്കിലും ഒന്‍പതാം മിനിറ്റില്‍ മൈക്ക് ഓഫ് ചെയ്തു. ബാക്കി പുറത്ത് പറഞ്ഞാല്‍മതിയെന്ന് സ്പീക്കര്‍ പറഞ്ഞു.
തുടര്‍ന്ന് മീഡിയാറൂമിലെത്തിയെ സതീശന്‍ തനിക്ക് പറയാനുള്ളത് പറഞ്ഞ് മുഴുമിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്ക് അനുവദിക്കുന്ന സമയത്തില്‍ ഒരുമിനിറ്റ് കൂടിയാല്‍ ഇറങ്ങിപ്പോകുമെന്ന തീരുമാനവും പ്രതിപക്ഷം പ്രഖ്യാപിച്ചു.