പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാർഥന്റെ മരണത്തിൽ ശിക്ഷാ നടപടിക്കു വിധേയരായ 2 വിദ്യാർഥികൾക്കു പുന:പ്രവേശനം നൽകി കോളജ്. ആന്റി റാഗിങ് സെൽ ഒരു വർഷത്തേക്ക് പഠന വിലക്കേർപ്പെടുത്തണമെന്ന് ശുപാർശ ചെയ്ത വിദ്യാർഥികൾക്കാണ് പുനഃപ്രവേശനം നൽകിയത്. മൂന്നു വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ തിരിച്ചു കയറാനും കോളജ് അനുമതി നൽകി.
പുനർപ്രവേശന ഉത്തരവിന്റെ പകർപ്പ് മനോരമ ന്യൂസിനു ലഭിച്ചു. സിദ്ധാർഥനെ മർദ്ദിച്ചവരും റാഗിങ് വിവരം പുറത്തറിയിക്കാത്തവരും ഇതിലുൾപ്പെടുന്നുണ്ട്. വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നു പുറത്താക്കാനുള്ള തീരുമാനം റദാക്കി കോടതി വിധിയുണ്ടായിട്ടും സർവകലാശാല അധികൃതർ അപ്പീലിനു പോയിരുന്നില്ല. സിദ്ധാർഥന്റെ മരണത്തെ കുറിച്ചുള്ള സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി സമയപരിധി നിശ്ചയിച്ചു . മാർച്ച് 31നകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.