ragging

TOPICS COVERED

റാഗിംങ് വിഷയം പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ പൊതുതാൽപര്യ ഹർജിയിലാണ് നടപടി. റാഗിങ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് കെൽസ ആരോപിച്ചു

അടിയന്തരമായി നടപ്പാക്കേണ്ട നിർദേശങ്ങൾ മുന്നോട്ടുവച്ചാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി റാഗിങ് വിഷയത്തിൽ പൊതു താൽപര്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും കൃത്യമായി ഫലപ്രദമല്ല എന്നതിന്‍റെ തെളിവാണ് സമീപകാല സംഭവങ്ങളെന്ന് കെൽസ ചൂണ്ടിക്കാട്ടി. അതിനാൽ റാഗിങ് തടയാൻ സംസ്ഥാന, ജില്ലാതല നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സ്‌കൂളുകളില്‍ റാഗിങ് വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവ സംസ്ഥാനതല നിരീക്ഷക സമിതി മുൻപാകെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം. ഹൈക്കോടതി ഇക്കാര്യം നിർബന്ധമാക്കി നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്. 

റാഗിങ് കേസുകളിൽ സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്നും കെൽസ ആരോപിച്ചു. മാർഗനിർദ്ദേശങ്ങളും, നിയമങ്ങളും പൊതുജനങ്ങളിൽ എത്തിക്കാൻ ബോധവൽക്കരണ കാമ്പെയ്‌നുകൾ ആരംഭിക്കണം. ഇതുവഴി റാഗിങിനെ പ്രതിരോധിക്കാൻ സാമൂഹിക പങ്കാളിത്തം വളർത്തുന്നതിന് സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും കെൽസ ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. കെൽസയുടെ ഹർജി നാളെ പ്രത്യേക ബെഞ്ച് പരിഗണിക്കും

ENGLISH SUMMARY:

High Court forms special bench to address ragging issues. The action was taken on a public interest petition by the Kerala Legal Services Authority. KELSA alleged that the government is not taking strict action in ragging cases.