പതിനാറ് കീമോയും പതിനഞ്ച് റേഡിയേഷനും ചിരിച്ചു കൊണ്ടാണ് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ജ്യോതി ലക്ഷ്മി നേരിട്ടത്. ഇല്ലായ്മയിലും കാന്‍സറിനെ തോല്‍പിക്കാന്‍ ശക്തിയായത് ഭര്‍ത്താവാണ്. വീടിന്‍റെ പണി പാതിവഴിയിലെത്തിയപ്പോഴാണ് രോഗം ബാധിച്ചത്. പോരാടി ഒടുവില്‍ ജ്യോതിലക്ഷ്മിയും കുടുംബവും പുതിയവീട്ടില്‍ താമസമായി.
നെഞ്ചിലെ തടിപ്പ് സ്തനാര്‍ബുദം എന്ന് തിരിച്ചറിയുന്നത് 2020ല്‍ ആണ്.കല്യാണം കഴിഞ്ഞ് അഞ്ചാംവര്‍ഷം.രണ്ടു കുഞ്ഞുങ്ങള്‍, ഇലക്ട്രീഷ്യനായ ഭര്‍ത്താവിന്‍റെ ചെറിയ വരുമാനത്തിലാണ് ജീവിതം.വീടുപണി പാതിവഴിയില്‍. ചിരിച്ചു തന്നെ നേരിട്ടു.പത്തനംതിട്ടയിലെ ശസ്ത്രക്രിയയില്‍ സ്തനങ്ങളില്‍ ഒന്ന് നീക്കി. വിദഗ്ധ ചികില്‍സയ്ക്കായി ആര്‍.സി.സിയിലേക്ക്
രോഗം ശ്വാസകോശത്തിലേക്കും പടര്‍ന്നിരുന്നു. കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമെല്ലാം കൂടെ നിന്നു. ശസ്ത്രക്രിയയില്‍ പോലും ചിരിച്ചു നേരിട്ട ജ്യോതിലക്ഷ്മിയെ കണ്ട് ആശുപത്രി ജീവനക്കാര്‍ പോലും അത്ഭുതപ്പെട്ടു. ഇക്കാലത്തിനുള്ളില്‍ ആകെ കരഞ്ഞത് കാണാന്‍ വന്ന രണ്ടുപേര്‍ കരഞ്ഞപ്പോഴാണ്.
പണികള്‍ എല്ലാം കഴിഞ്ഞില്ലെങ്കിലും ഇലന്തൂരിലെ സ്വപ്ന വീട്ടിലാണ് ഇപ്പോള്‍ ജ്യോതിലക്ഷ്മിയും ഭര്‍ത്താവും രണ്ട് മക്കളും താമസം. മൂത്തമകന്‍ ഒന്നാം ക്ലാസില്‍ രണ്ടാമത്തെ മകള്‍ യുകെജിയില്‍. മക്കളും ഭര്‍ത്താവും കൂടെയുളളപ്പോള്‍ എന്തുവന്നാലും ചിരിച്ചു നേരിടുമെന്ന് ജ്യോതിലക്ഷ്മി പറയുന്നു.