2022ലെയും 2023ലേയും കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മനോരമ ന്യൂസിനും മഴവിൽ മനോരമയ്ക്കും എട്ട് പുരസ്‌കാരങ്ങളാണ് ഉണ്ടായിരുന്നത്. വിവിധ വിഭാഗങ്ങളിലായി ആകെ 103 അവാർഡുകളാണ് വിതരണം ചെയ്തത്.
2022ലെയും 2023ലെയും മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്‌കാരങ്ങൾ മനോരമ ന്യൂസിന് വേണ്ടി ധന്യ കിരണും സന്തോഷ്‌പിള്ളയും ഏറ്റുവാങ്ങി. 2022ലെ മികച്ച കറണ്ട് അഫായേഴ്‌സ് ടെലിവിഷൻ ഷോയ്ക്കും, 2023 സമകാലികവിഭാഗത്തിലെ മികച്ച ടി.വി ഷോയ്ക്കുള്ള പുരസ്കാരം മനോരമ ന്യൂസിലെ കാര്‍ത്തിക തമ്പാൻ ഏറ്റുവാങ്ങി. മികച്ച ന്യൂസ് ക്യാമറമാനുള്ള പുരസ്‌കാരം സന്തോഷ് പിള്ളയും സ്വീകരിച്ചു.
മികച്ച വിനോദപരിപാടിക്കുള്ള പുരസ്കാരം മഴവില്‍ മനോരമയിലെ സി.ചന്ദ്രകലയും മികച്ച ഹാസ്യപരിപാടിക്കുള്ള പുരസ്‌കാരം രഞ്ജിത് ആര്‍.നായരും ഏറ്റുവാങ്ങി. വിനോദ വിഭാഗത്തിൽ മികച്ച ടിവി ഷോയ്ക്കുള്ള പുരസ്‌കാരം മഴവിൽ മനോരമയിലെ അനുരൂപ് എം ടിയും ഏറ്റുവാങ്ങി. കലയുടെ പേരിലുള്ള ചില വ്യാജ നിർമിതികളിൽ ചിലത് വിഷം തീണ്ടുന്നെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു. ടെലിവിഷൻ പരിപാടികളുടെ നിലവാര തകർച്ച ജൂറികൾ ചൂണ്ടിക്കാട്ടിയെന്നും പ്രേംകുമാർ പറഞ്ഞു. പ്രേംകുമാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് പറഞ്ഞ എഎ റഹീം, മലയാള സിനിമയിൽ ശക്തമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും പ്രതികരിച്ചു. ആന്‍റണി രാജു എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി.