കൊച്ചി കാക്കനാട് തെങ്ങോട് ഗവ.ഹൈസ്കൂളിൽ വിദ്യാർഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞതിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം. ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി വിവരങ്ങൾ ശേഖരിച്ചു. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ ഉണ്ടായ അപകടം എന്നാണ് സ്കൂൾ അധികൃതർ നൽകിയ വിശദീകരണം.
സഹപാഠികൾ നായ്ക്കുരണ പൊടി ദേഹത്ത് വിതറിയതിനെ തുടർന്ന് ഒരു മാസമായി ദുരിതം അനുഭവിക്കുന്ന പെൺകുട്ടിയെ കുറിച്ചുള്ള വാർത്ത വന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ ഓഫിസിലെയും ഡിഇഒ, എഇഒ ഓഫിസിലെയും ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി വിവരങ്ങൾ ശേഖരിച്ചു. ശാരീരിക അവശതകൾ മൂലം വിശ്രമിക്കുന്ന കുട്ടിക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ സഹായിയെ നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ സ്വയം പരീക്ഷ എഴുതിക്കൊള്ളാം എന്നാണ് വിദ്യാർഥിനിയുടെ മറുപടി. ക്ലാസിൽ കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടയുണ്ടായ അപകടം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്കൂൾ അധികൃതർ നൽകിയ വിശദീകരണം. പെൺകുട്ടി നേരിട്ട ദുരിതം നിസ്സാരവൽക്കരിക്കാൻ ആണ് സ്കൂളിന്റെ ശ്രമം എന്ന് കൂട്ടിയുടെ അമ്മ ആരോപിച്ചു. സംഭവത്തിന്റെ ഗൗരവം കുറയ്ക്കരുതെന്നും പരാതിയിൽ ഉടനെ നടപടിയെടുക്കണമെന്നും അമ്മ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കഴിഞ്ഞമാസം മൂന്നിനാണ് സഹപാഠികൾ പെൺകുട്ടിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയത്. സ്വകാര്യ ഭാഗത്ത് പൊടി വീണ് മൂത്രം പോലും ഒഴിക്കാൻ ആവാത്ത നിലയിലായിരുന്നു പെൺകുട്ടി. മാനസികമായി തകർന്ന പെൺകുട്ടി സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലാണ്. സഹപാഠികളിൽ നിന്നും നേരത്തെയും മോശം അനുഭവം കുട്ടി നേരിട്ടിരുന്നതായയാണ് വിവരം .