വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം ഇന്നു രാവിലെയോടെ നാട്ടിലെത്തി. സൗദിയില്‍ ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലുള്‍പ്പെടെ കുടുങ്ങിക്കിടക്കുകയായിരുന്ന റഹീം ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് നാട്ടിലെത്തിയത്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭാര്യയെ റഹീം ആശുപത്രിയിലെത്തി കണ്ടു. രാവിലെ 07.45ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ റഹീം ആദ്യം ഗോകുലം മെഡിക്കല്‍ കോളജിലെത്തി ഭാര്യ ഷെമീനയെ കണ്ടു.
ബന്ധുക്കളൊടൊപ്പമാണ് റഹീം ആശുപത്രിയിലെത്തിയത്. ഭാര്യക്കൊപ്പം 20മിനിറ്റോളം ആശുപത്രിയില്‍ കഴിഞ്ഞു. റഹീമിനെ കണ്ടയുടന്‍ ഷെമീന തിരിച്ചറിഞ്ഞതായും കയ്യില്‍ പിടിക്കാന്‍ ശ്രമിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. എന്തുപറ്റിയെന്ന ചോദ്യത്തിന് പൊലീസിനോട് പറഞ്ഞ മൊഴി തന്നെയാണ് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയ ഭര്‍ത്താവിനോടും ഷെമി ആവര്‍ത്തിച്ചത്. തനിക്ക് അപകടം സംഭവിച്ചത് കട്ടിലില്‍ നിന്നുവീണാണെന്ന് ഷെമി റഹീമിനോട് പറഞ്ഞു. മകന്റെ ക്രൂരതകളെ മറച്ചുവച്ച് പൊതിഞ്ഞുപിടിച്ച ഷെമീനയുടെ അമ്മമനസും നൊമ്പരമാവുകയാണ്.
തന്റെ കുടുംബത്തില്‍ നടന്ന തീരാനോവുകളൊന്നും ഷെമി അറിഞ്ഞിട്ടില്ല. ബോധം വന്നതുമുതല്‍ ഷെമി അന്വേഷിക്കുന്നത് കുഞ്ഞുമകന്‍ അഫ്സാനെയാണ്, പൊലീസിനോടും ഇന്ന് റഹീമിനോടും അഫ്സാനെ കാണണമെന്ന് ആവശ്യപ്പെട്ടു. അഫ്സാന്‍ അളിയന്റെ വീട്ടിലാണെന്ന് ആ പിതാവ് മറുപടി പറഞ്ഞു. അതേസമയം അഫാന്‍ എവിടെയാണെന്നും ഷെമീന റഹീമിനോട് ചോദിച്ചു.
മകന്റെ ക്രൂരതയില്‍ ഗുരുതരമായി പരുക്കേറ്റ ഷെമീനയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാരും ബന്ധുക്കളും അറിയിച്ചു. സംസാരത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയില്‍ നിന്നും ബന്ധുവിന്റെ വീട്ടിലേക്കും പിന്നാലെ പാങ്ങോട് പള്ളിയിലെത്തി തന്റെ കുഞ്ഞുമകന്റേതുള്‍പ്പെടെയുള്ള പ്രിയപ്പെട്ടവരുടെ കബറിടത്തിലും റഹീമെത്തി.