ചാനൽ ചർച്ചയ്ക്കിടയിലെ വിദ്വേഷ പരാമർശ കേസിൽ റിമാന്ഡിലായ പി.സി.ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേട്ട് കോടതിയാണ് കർശന ഉപാധികളോടെ പി.സി.ജോർജിന് ജാമ്യം നൽകിയത്. കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന പി.സി.ജോർജിനെ ഉച്ചയ്ക്കുശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.
ഹൈക്കോടതിയും കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഉയർത്തിയ അതിരൂക്ഷ വിമർശനങ്ങൾ നിലനിൽക്കെയാണ് പി.സി.ജോർജ്ജിന് ജാമ്യം കിട്ടിയത്. വിദ്വേഷ പരാമർശക്കേസിൽ മാർച്ച് 10 വരെ റിമാൻഡ് ചെയ്തിരുന്ന പി.സി. ജോർജിന് കർശന ഉപാധികളോടെയാണ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. പി.സി.ജോർജിന്റെ പ്രായവും ഹൃദയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കൂടി പരിഗണിച്ചാണ് ജാമ്യം. ഇസിജി വ്യതിയാനത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന പി.സി.ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം പാലാ സബ് ജയിലിലേക്ക് മാറ്റാൻ ഇരിക്കെയാണ് പി.സി.ജോർജിന് ജാമ്യം. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ തുടരുന്ന പിസി ജോർജിന്റെ ആരോഗ്യം തൃപ്തികരമെങ്കിലും വിശദ ചികിത്സയ്ക്കായി ഉച്ചയ്ക്ക് ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.
മതസ്പർധ വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന ഒരാൾക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷൻ വാദം. ആരോഗ്യസ്ഥിതി സംബന്ധിക്കുന്ന രേഖകൾ പി.സി ജോർജ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് 74 വയസ്സ് പിന്നിട്ട പിസി ജോർജ്ജിന് കോടതി ജാമ്യം നൽകിയത്.