സംസ്ഥാനത്ത് തൊഴില്‍ സമ്മര്‍ദ്ദം കൂടുതല്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളിലെന്ന് പഠനം. സംസ്ഥാന യുവജനകാര്യ കമ്മീഷന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മീഡിയയാണ് മാനസിക സമ്മര്‍ദ്ദം കൂടുതലുള്ള രണ്ടാമത്തെ തൊഴില്‍ മേഖല. ഐ.ടി മേഖലയില്‍ 84.3 ശതമാനം യുവാക്കളും ജോലി സംബന്ധമായി സമ്മര്‍ദ്ദം അനുഭവിക്കുന്നു. മാധ്യമ മേഖലയില്‍ ഇത് 83.5 ശതമാനമാണ്. ബാങ്കിങ് / ഇന്‍ഷുറന്‍സ് മേഖലയില്‍ (80.6 ശതമാനവും ഗിഗ് ഇക്കോണി 75.5 ശതമാനവും തൊഴില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നു. റീട്ടെയില്‍/വ്യവസായ മേഖലയിലാണ് (68%) താരതമ്യേന കുറഞ്ഞ തൊഴില്‍ സമ്മര്‍ദ്ദമുള്ളത്.
18നും 40നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇവരില്‍ 30-39 പ്രായത്തിലുള്ളവരിലാണ് കൂടുതല്‍ സമ്മര്‍ദ്ദം. ഇതില്‍ തന്നെ സ്ത്രീകള്‍ (74.7%) പുരുഷന്മാരേക്കാള് (73.7%) നേരിയ തോതില്‍ അധികം സമ്മര്‍ദ്ദം അനുഭവിക്കുന്നു. വിധവകള്‍, വിവാഹ മോചിതര്‍ എന്നിവര്‍ വിവാഹിതരും അവിവാഹിതരുമായ ജീവനക്കാരേക്കാള്‍ സമ്മര്‍ദ്ദം നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥ, വര്‍ക്ക്–ലൈഫ് ബാലന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയാണ് മാനസിക സമ്മര്‍ദ്ദത്തിന്റെ മുഖ്യകാരണം. സര്‍വ്വേയുടെ ഭാഗമായ ഭൂരിഭാഗം ജീവനക്കാരും (68.25%) ജോലി ഭാരം കാരണം വര്‍ക്ക്–ലൈഫ് ബാലന്‍സില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ഭൂരിഭാഗം പേരും സോഷ്യല്‍ മീഡിയയെ മാര്‍ഗമായി സ്വീകരിക്കുന്നു. ചിലര്‍ നടത്തം, യോഗ, ധ്യാനം തുടങ്ങിയവയിലേക്ക് പോകുന്നു. മദ്യപാനം മാര്‍ഗമായി സ്വീകരിക്കുന്നവരുടെ എണ്ണം കൂടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് യുവജനകാര്യ കമ്മീഷന് പ്രസിഡന്റ് എം ഷാജര്‍ കൈമാറി.