പ്രകടന പത്രികയില്‍ മഹാസഖ്യവും എന്‍.ഡി.എയും പ്രധാന വാഗ്ദാനമായി മുന്നോട്ടുവയ്ക്കുന്നത് തൊഴിലാണ്. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന് മഹാസഖ്യം പറയുമ്പോള്‍ ഒരുകോടി പേര്‍ക്ക് തൊഴിലാണ് എന്‍.ഡി.എയുടെ പ്രഖ്യാപനം. ഇത് എത്രത്തോളം പ്രായോഗികമാണ് എന്നതില്‍ പാര്‍ട്ടികള്‍ക്കുപോലും സംശയമുണ്ട്. എങ്കിലും ബിഹാര്‍ ജനത നേടിരുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്ന് തൊഴിലില്ലായ്മ തന്നെയാണ്. ഉള്ള ജോലിക്ക് കൃത്യമായ വേതനമോ സമയക്രമമോ ഇല്ല.
ബിഹാറില്‍ വ്യവസായ സ്ഥാപനങ്ങള്‍ കുറവാണ്. നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളാണ് ഏറെയും. നെല്ലും പച്ചക്കറികളും പുകയിലയും ചണവും ധാരളമായി കാണാം. ഇവിടെയൊക്കെ നിരവധിയാളുകള്‍ ജോലിചെയ്യുന്നുമുണ്ട്. പക്ഷേ കൂലിയോ.? 12 മണിക്കുര്‍ വരെ ജോലി ചെയ്താല്‍ കൂലി മൂന്നൂറ് രൂപയാണ്. ചിലപ്പോള്‍ 300 രൂപ, ചിലപ്പോള്‍ 400 രൂപ, ചിലപ്പോള്‍ 200 രൂപ. കിട്ടുന്ന പണിക്ക് പോകുമെന്നാണ് തൊഴിലാളികഴ്‍ പറയുന്നത്. തൊഴിലിനായി സംസ്ഥാനം വിട്ടുപോകേണ്ടിവരുന്ന യുവാക്കള്‍ അങ്ങേയറ്റം അസ്വസ്ഥരാണ്. ഇവിടെ ജോലിയില്ല. അതുകൊണ്ട് സംസ്ഥാനം വിട്ടുപോവുകയാണെന്നും ബിഹാറികള്‍ പറയുന്നു.
മുന്നണികള്‍ നല്‍കുന്ന തൊഴില്‍ വാഗ്ദാനങ്ങള്‍ എത്രത്തോളം പ്രായോഗികമാണ് എന്നുകൂടി നോക്കാം. സംസ്ഥാനത്ത് ഏകദേശം മൂന്നുകോടിക്കടുത്ത് കുടുംബങ്ങളുണ്ട്. നിലവില്‍ 26 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് ഉള്ളത്. എല്ലാ കുടുംബത്തിലും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന് മഹാസഖ്യം പറയുമ്പോള്‍ രണ്ടേമുക്കാല്‍കോടി തസ്തികകള്‍ സൃഷ്ടിക്കണം. എങ്ങനെ എന്നത് ചോദ്യചിഹ്നമാണ്. സര്‍ക്കാര്‍ മേഖലയില്‍ ഒരുകോടി തൊഴില്‍ എന്ന എന്‍.ഡി.എയുടെ വാഗ്ദാനവും അത്രവേഗം സാധിക്കില്ല. പ്രത്യേകിച്ച് കഴിഞ്ഞ 20 വര്‍ഷം കൊണ്ട് നടക്കാത്ത കാര്യം അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കും എന്നുപറയുമ്പോള്‍.
അറിവില്ലാത്തവര്‍ വാഗ്ദാനങ്ങള്‍ വിശ്വസിക്കും. എല്ലാ കുടുംബത്തിലും ഒരാള്‍ക്ക് ജോലി എന്നത് നടക്കാത്ത കാര്യമാണ്. വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജനം കൂടെനില്‍ക്കില്ലെന്നാണ് വോട്ടര്‍മാരുടെ നിലപാട്.