ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ കാരണം കണ്ടെത്തി കോണ്‍ഗ്രസ്. ബിഹാര്‍ ചുമതലയുണ്ടായിരുന്നു കൃഷ്ണ അല്ലവാരുവിന്‍റെ അരാഷ്ട്രീയ പ്രവര്‍ത്തന രീതിയും രാഹുല്‍ ഗാന്ധിയുടെ യാത്ര വോട്ടര്‍മാരെ ആകര്‍ഷിച്ചില്ലെന്നുമാണ് കണ്ടെത്തല്‍. 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആറു സീറ്റില്‍ മാത്രമാണ് ജയിക്കാനായത്.
തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടിയിലെത്തിയ നേതാക്കള്‍ക്ക് സീറ്റ് നല്‍കിയതിെന പല സ്ഥാനാര്‍ഥികളും എതിര്‍ത്തു. ഇത്തരത്തില്‍ സീറ്റു കിട്ടിയവരില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് ജയിച്ചത്. അസംതൃപതരായവര്‍ കാലുവാരിയെന്നും പാര്‍ട്ടിനേതൃത്വം ഇടപെട്ടില്ലെന്നും സ്ഥാനാര്‍ഥികള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ കോണ്‍ഗ്രസിന്‍റെ ചുമതലക്കാരനായ കൃഷ്ണ അല്ലവാരുവിന്‍റെ കോര്‍പ്പറേറ്റ് രീതി പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് മറ്റൊരു വിമര്‍ശനം.
അല്ലവാരു പാട്ന വിട്ട് പുറത്ത് പോയില്ല. ബിഹാര്‍ മുഴുവന്‍ സഞ്ചരിച്ചില്ല. അദ്ദേഹത്തിന്‍റെ അരാഷ്ട്രീയമായ കോര്‍പ്പറേറ്റ് പ്രവര്‍ത്തന രീതി പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തി. തിരഞ്ഞെടുപ്പിന് എട്ടു മാസം മുന്‍പാണ് അല്ലവാരുവിനെ ബിഹാറിലേക്ക് നിയമിച്ചത്. ചെറിയകാലയളവിനുള്ളില്‍ സംസ്ഥാനത്തെ മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും വിമര്‍ശനുണ്ട്.
ബിഹാറില്‍ കോണ്‍ഗ്രസ് നടത്തിയ യാത്രകള്‍ക്കും വിമര്‍ശനമുണ്ട്. കനയ്യയുടെ യാത്ര തിരഞ്ഞെടുപ്പിനോട് അടുത്ത സമയത്ത് നടത്തേണ്ടതായിരുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ പ്രചാരണം തൊഴിലില്ലായ്മ പോലുള്ള അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തേണ്ടിയിരുന്നുവെന്നും സ്ഥാനാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം താഴെ തട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി സ്വാധീനം ചെലുത്തിയില്ലെന്നും സ്ഥാനാര്‍ഥികള്‍ വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തെ പറ്റി പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും നിരീക്ഷകരെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. 243 അംഗ സഭയില്‍ 35 സീറ്റിലാണ് പ്രതിപക്ഷത്തിന് ജയിക്കാന്‍ സാധിച്ചത്. 202 സീറ്റില്‍ ജയിച്ച എന്‍ഡിഎ മുന്നണിയുടെ സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേറ്റു. പത്താം തവണ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിഞ്ജ ചെയ്തു.