കടലിൽ നിന്ന് മണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ പൂർണം. രാത്രി പന്ത്രണ്ടു വരെ മീൻപിടിത്തവും വിൽപ്പനയും ഉണ്ടാകില്ല. കേന്ദ്രസർക്കാർ ഖനനത്തിൽ നിന്ന് പിന്മാറുന്നതുവരെ പ്രതിഷേധങ്ങൾ തുടരുമെന്ന് കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു
തിരുവനന്തപുരം ജില്ലയിലെ വർക്കല മുതൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വരെയുള്ള കൊല്ലം ബ്ലോക്കിൽ നിന്നാണ് ആദ്യ ഘട്ടമണൽ ഖനനത്തിന് കേന്ദ്ര ഖനന മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. മത്സ്യ സമ്പത്ത് ഏറെയുള്ള മേഖലയിൽ ഖനനം നടത്തുന്നതിലാണ് മത്സ്യ മേഖലയുടെ ആശങ്ക. ഒരുമാസമായി തുടരുന്ന വിവിധ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഫിഷറീസ്
കോഓഡിനേഷൻ കമ്മിറ്റി തീരദേശ ഹർത്താൽ നടത്തുന്നത്. മീൻപിടുത്തത്തിന് തൊഴിലാളികൾ കടലിൽ പോയില്ല. മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ് ലാൻഡിങ് സെന്ററുകൾ, മത്സ്യച്ചന്തകൾ എന്നിവയുടെ പ്രവർത്തനം സ്തംഭിച്ചു. ശക്തികുളങ്ങര ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടത്തി. ഹർത്താലിന് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കൊപ്പം ലത്തീൻ രൂപതകളുടെയും ധീവരസഭയുടെയും തീരദേശത്തെ വിവിധ മുസ്‌ലിം ജമാഅത്തുകളുടെയും പിന്തുണയുണ്ട്. കടൽ ഖനനത്തിനെതിരെ മാർച്ച് 12ന് പാർലമെന്റ് മാർച്ചും നടത്താനാണ് തീരുമാനം