TOPICS COVERED

ഓർത്തഡോക്സ് സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് ദേവലോകം അരമനയിൽ തുടക്കമായി. കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു. വത്തിക്കാനിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പായുടെ രോഗമുക്തിക്കായി പരിശുദ്ധ സുന്നഹദോസ് പ്രാർത്ഥന നടത്തി. ഫ്രാൻസിസ് മാർപാപ്പായുടെ ആരോഗ്യത്തിനായി ലോകജനതക്കൊപ്പം  മലങ്കരസഭയും പ്രാർത്ഥിക്കുന്നതായി സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു.

കേരളത്തിൽ ലഹരിമാഫിയകൾ ആഴത്തിൽ വേരിറക്കിയെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സമൂഹം ജാഗ്രതപാലിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്. ലഹരിക്ക് അടിമപ്പെട്ട് സ്വന്തം മാതാപിതാക്കളെയും, സഹോദരങ്ങളെയും കൊലപ്പെടുത്തുന്ന യുവതയെക്കുറിച്ചുള്ള വാർത്തകൾ ഇന്ന് ഒറ്റപ്പെട്ട സംഭവമല്ല. പൊലീസ് റിപ്പോർട്ട് ചെയ്യുന്ന പല കേസുകളുടെയും പിന്നണിയിൽ മയക്കുമരുന്നിന്റെ ഉപയോഗം വെളിവാകുന്നു. സർക്കാരും, പൊലീസ്- എക്സൈസ്  സംവിധാനങ്ങളും മാത്രം വിചാരിച്ചാൽ തടയാൻ കഴിയുന്നതിനപ്പുറത്തേക്ക് ലഹരിയുടെ നീരാളിക്കരങ്ങൾ കേരളത്തെ ഗ്രസിച്ചിരിക്കുന്നതിൽ സഭയുടെ സുന്നഹദോസ് ആശങ്ക രേഖപ്പെടുത്തി. ലഹരിമരുന്നിന്റെ ഉപയോഗം പോലെ ഗുരുതരമാണ് മദ്യവും. മദ്യാപനത്തിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഒരു സമൂഹമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടതിന് പകരം മദ്യ നിർമ്മാണശാലകൾക്ക് അനുമതി നൽകുന്നത് ലഹരിമാഫിയകൾക്ക് പാലൂട്ടുന്നതിന് തുല്യമാകും.

മദ്യ - മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് പുതുതലമുറയെ അകറ്റിനിർത്താനുള്ള ബൃഹത്തായ കർമ്മപദ്ധതികൾക്ക് സർക്കാർ തുടക്കം കുറിക്കണം. സ്ക്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങൾ കേവലം ലഹരി വിരുദ്ധ പ്രതിജ്ഞയിൽ മാത്രം ഒതുങ്ങരുത്. സ്ക്കൂളുകൾതോറും  വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സഭയുടെ പൂർണ പിന്തുയുണ്ടാകും. ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങൾ സ്വാധീനിക്കുന്നുണ്ട്. ഇത്തരം സിനിമകളിൽ നിന്ന് വിട്ടുനിന്ന്  ഭാവി തലമുറയെ ലഹരിവലയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം കലാകാരൻമാരും കൈകോർക്കണം.

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ 2024 ജൂലൈ 30- നുണ്ടായ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് 210 ദിനങ്ങൾ പിന്നിടുമ്പോഴും പുനരധിവാസം വൈകുന്നു എന്നത് ഖേദകരമാണ്. ദുരന്ത സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുംതോറും ആ ജനതയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുകയും കഷ്ടത വർദ്ധിക്കുകയും ചെയ്യുന്നു.

ചൂരൽമല, മുണ്ടക്കൈ മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിന്റെ ഭാഗമായി പുതിയ വീടുകൾ വെച്ച് നൽകാമെന്ന് ആദ്യം പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ്. ‌50 വീടുകൾ വെച്ച് നൽകാനുള്ള സന്നദ്ധത സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉചിതമായ മറുപടി ലഭിക്കാത്തതിനാൽ സഭ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ആ ജനതയെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിശുദ്ധ സുന്നഹദോസ് ചർച്ച ചെയ്തു. മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഉറക്കം നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും പ്രതിഷേധത്തിലാണ്. അവരുടെ ആശങ്ക അവസാനിപ്പിക്കാനുള്ള സത്വരമായ നടപടികൾ ഉണ്ടാകണം.

കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. മത്സ്യസമ്പത്ത് നഷ്ടമായാൽ തീരദേശജനത വറുതിയിലാകുമെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡ് നിരീക്ഷിച്ചു. സഭയുടെ മുഴുവൻ മെത്രാപ്പോലീത്താമാരും പങ്കെടുക്കുന്ന പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് മാർച്ച് ഒന്ന് വരെ നീണ്ടുനിൽക്കുമെന്ന്  സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു.