ആർഭാടത്തിനും ധൂർത്തിനും പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് കൂട്ടക്കൊലക്ക് കാരണം എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് മുമ്പ് അമ്മയോടും വല്യമ്മയോടും അഫാൻ പണം ആവശ്യപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. പണം ഉപയോഗിച്ചത് ലഹരി മരുന്നിനു വേണ്ടിയാണോ എന്നും പോലീസ് പരിശോധിക്കുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനായി ആശുപത്രിയിൽ എത്തി അഫാന്റെ മൊഴി രേഖപ്പെടുത്താൻ പോലീസ് ഇന്ന് ശ്രമിക്കും.
14 വയസ്സുള്ള കുഞ്ഞ് അനുജൻ മുതൽ 88 വയസ്സുള്ള വല്യമ്മ വരെ , ജീവനുതുല്യം സ്നേഹിച്ചിരുന്നവരെ ചുറ്റികകൊണ്ട് അടിച്ചു കൊല്ലുന്ന അതിക്രൂരതയ്ക്ക് പിന്നിലെ കാരണമെന്തെന്നാണ് പോലീസും കേരളവും അന്വേഷിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് എന്ന ഉത്തരമാണ് അഫാന്റെ മൊഴിയിൽ നിന്ന് പോലീസിന് ലഭിക്കുന്നത്. വിദേശത്തുള്ള അച്ഛൻറെ ബിസിനസ് തകർന്നതോടെ നാട്ടിൽ പലരിൽ നിന്നും കടം വാങ്ങിയിരുന്നു. ഇവർ തിരികെ ചോദിച്ചു തുടങ്ങിയത് കുടുംബത്തിൽ തർക്കങ്ങൾക്ക് കാരണമായി. അതിനെ ചൊല്ലിയുള്ള അസ്വസ്ഥത കൂട്ടക്കൊലയ്ക്ക് കാരണമായി എന്നാണ് പ്രാഥമിക മൊഴി.
അത് പൂർണമായി വിശ്വസിക്കാത്ത പോലീസ് അഫാന്റെസാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അമ്മയും വല്യമ്മയും അടക്കം ബന്ധുക്കൾ പലരോടും അഫാൻ തുടർച്ചയായി കടം വാങ്ങിയിരുന്നു. ഇന്നലെ രാവിലെയും അമ്മ ഷമീനയോട് പണം ചോദിച്ചു. നൽകാത്തതിനെ തുടർന്ന് വഴക്കുണ്ടായി. അതിനുശേഷം പാങ്ങോട് എത്തി വല്യമ്മ സൽമാബീവിയോട് സ്വർണ്ണം പണയം വെക്കാൻ ആവശ്യപ്പെട്ടു. ഇതും ലഭിക്കാത്തതാണ് പെട്ടെന്നുണ്ടായ പ്രകോപന കാരണം എന്നാണ് പോലീസിന്റെ വിലയിരുത്തൽ. പിതാവിനെ സഹായിക്കുന്നതിനപ്പുറം എന്തിനാണ് അഫാന് ഇത്രയും പണം എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ലഹരി ഉപയോഗമുണ്ടോ എന്നതാണ് പ്രധാന സംശയം. എന്നാൽ ബന്ധുക്കളോ നാട്ടുകാരോ ആരും അത്തരത്തിൽ മൊഴി നൽകിയിട്ടില്ല. ലഹരി ഉപയോഗം കണ്ടെത്താനായി രക്തം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. കാമുകിയായ ഫർസാനയെ വീട്ടുകാർ അംഗീകരിക്കാത്തതിനുള്ള വൈരാഗ്യമാണ് കൂട്ടക്കൊലക്ക് കാണണമെന്ന് സംശയമുയർന്നെങ്കിലും പോലീസ് അത് തള്ളിക്കളയുകയാണ്. ഇരുവരും തമ്മിലുള്ള ബന്ധം ഇരു വീട്ടുകാർക്കും അറിയാമായിരുന്നുവെന്നും വലിയ എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടില്ലെന്നും ആണ് ഇതുവരെ ലഭിച്ചിരിക്കുന്ന മൊഴി. ചികിത്സയിൽ കഴിയുന്ന അഫാനെ വിശദമായി ചോദ്യംചെയ്താൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും എന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.