TOPICS COVERED

ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കിയ  സ്കൂളുകളിലെ  മറ്റെല്ലാ  നിയമനങ്ങള്‍ക്കും ഉടന്‍ അംഗീകാരം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. കോടഞ്ചേരിയില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവത്തെ തുടര്‍ന്നാണ് നിയമനങ്ങള്‍ സംബന്ധിച്ച് തിടുക്കപ്പെട്ട് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇരുപത്തി രണ്ടാം തീയതി ഉത്തരവിറക്കിയത്. 

അഞ്ചുവര്‍ഷം ശമ്പളമില്ലാതെ ജോലിചെയ്തു ജീവിതം വഴിമുട്ടിയ അധ്യാപികയുടെ മരണം വേണ്ടിവന്നു വിദ്യാഭ്യാസ വകുപ്പിന് അനക്കം വെക്കാന്‍. അലീന സണ്ണി എന്ന  അധ്യാപികയ്ക്ക് കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എല്‍.പി സ്കൂളില്‍ സ്ഥിരം തസ്തികയില്‍  നിയമനം ലഭിച്ചെങ്കിലും ഭിന്നശേഷി സംവരണ നിയമനം ഉള്‍പ്പെടെയുള്ള തടസങ്ങള്‍ ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കിയിരുന്നില്ല എന്നാണ് ആക്ഷേപം ഉയര്‍ന്നത്. ഇത്തരത്തില്‍ 16000 അധ്യാപകരാണ് നിയമന അംഗീകാരമില്ലാതെ വലയുന്നത്. 

 അലീനയുടെ മരണം കഴിഞ്ഞ് മൂന്നുദിവസമായപ്പോഴാണ് എയ്ഡഡ് നിയമനങ്ങളില്‍ പുത്തന്‍ നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമെങ്കിലും കാണാനായി എന്ന് വരുത്തിതീര്‍ക്കുകയാണ് ലക്ഷ്യം.   ഭിന്നശേഷിനിയമനം പൂര്‍ത്തിയാക്കിയ സ്കൂളുകളിലെ സ്ഥിരം നിയമന അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പാക്കാന്‍ ഉത്തരവ് നിര്‍ദേശിക്കുന്നു.ഇതില്‍ വീഴ്ച വരുത്തിയാല്‍ കൃത്യവിലോപമായി  കാണും.  താല്‍ക്കാലിക നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് അംഗത്വം കൂടി നല്‍കാം.    സ്ഥിരം പോസ്റ്റ് ഒഴിവുവന്നാല്‍ താല്‍ക്കാലികജീവനക്കാര്‍ക്ക്   സ്ഥാനക്കയറ്റം നല്‍കാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 22ാം തീയതി പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

The Education Department has issued an order to approve all pending appointments in schools that have completed disability quota recruitments. The directive was expedited following the tragic suicide of a teacher in Kodanchery. The Director of General Education issued the order on the 22nd