കണ്ണൂർ ആറളത്ത് ദമ്പതികളെ കാട്ടാന ചവിട്ടി കൊന്നതിൽ പ്രതിഷേധം ശക്തം. വനംവകുപ്പിന്‍റെ അനാസ്ഥയാണ് കാട്ടാന ആക്രമണത്തിന് കാരണമെന്ന ആക്ഷേപം ഉയരുന്നതിനിടെ വനം മന്ത്രിയുടെ നേതൃത്വത്തിൽ അറളത്ത് ഇന്ന് സർവകക്ഷി യോഗം ചേരും. ആനകളെ പ്രതിരോധിക്കാനുള്ള ആറളത്തെ ആന മതിൽ നിർമാണത്തിലും അനാസ്ഥയാണെന്ന് മനോരമ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.
ആറളത്തെ ഈ സങ്കടത്തിന് വർഷങ്ങളുടെ പഴക്കമാണ്. ഇതിനോടകം 20 ലേറെ പേർ കാട്ടാന കലിക്ക് ഇരകളായി. നഷ്ടപരിഹാര പ്രഖ്യാപനവും മന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗവും ഇത്തവണയുമുണ്ട്. രാവിലെ കലക്ടറുടെ നേതൃത്വത്തിലും ഉന്നതതല യോഗം ചേർന്നു. ഇന്നലെ മണിക്കൂറുകൾ നീണ്ട പ്രതിഷേധ തിര ആറളത്ത് കെട്ടിട്ടില്ല. വെള്ളിയുടെയും ലീലയുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം പൂർത്തിയാക്കി അല്പസമയത്തിനകം ബന്ധുക്കൾക്ക് വിട്ടു നൽകും.
2023 സെപ്റ്റംബർ 30 ന് നിർമാണോദ്ഘാടനം നിർവഹിച്ച ആന മതിൽ പദ്ധതി 2024 സെപ്റ്റംബർ 23ന് പൂർത്തീകരിക്കാനായിരുന്നു കരാർ. എന്നാൽ പത്തര കിലോമീറ്റർ ആന മതിൽ നിർമിക്കേണ്ട സ്ഥാനത്ത് ഇതുവരെ നിർമിച്ചത് നാല് കിലോമീറ്റർ മാത്രം. നാല് കിലോമീറ്ററിൽ അടിക്കാടുപോലും വെട്ടിയിട്ടില്ല. 37.9 കോടി രൂപ ചിലവിലായിരുന്നു പദ്ധതി. അനാസ്ഥ വനം മന്ത്രിയും സമ്മതിക്കുന്നു.