പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് പ്രതിഷേധക്കാര്‍ക്ക് നടുവില്‍
ഏഴ് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ ആറളത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹങ്ങൾ വിട്ടു നൽകി നാട്ടുകാർ. സംഭവസ്ഥലത്ത് എത്തിയ തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹിയെയും സണ്ണി ജോസഫ് എംഎൽഎയും നാട്ടുകാർ തടഞ്ഞു. ബലമായി പ്രതിഷേധക്കാരെ മാറ്റി ഏറെപണിപ്പെട്ടാണ് പൊലീസ് ഇരുവരെയും പുറത്തെത്തിച്ചത്.
പരിയാരം മെഡിക്കൽ കോളജിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിനുശേഷം വെള്ളിയുടെയും നളിനിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. കാട്ടാന ആക്രമണത്തിൽ വനമന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ഇന്ന് ആറളത്ത് നടക്കും. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള ആദ്യഘട്ട നഷ്ടപരിഹാരവും ഇന്ന് കൈമാറും.
അതേസമയം, ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ ഇന്ന് യുഡിഎഫും ബി.ജെ.പിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.