ബോഡി ബില്‍ഡിങ് താരങ്ങളെ പിന്‍വാതിലിലൂടെ പൊലീസ് ഇന്‍സ്പെക്ടറാക്കാനുള്ള മന്ത്രിസഭാ തീരുമാനം തകര്‍ന്നു. സ്പോഴ്സ് ക്വാട്ടയുടെ മറവിലെത്തിയ ഷിനു ചൊവ്വ കായിക പരീക്ഷയില്‍ പരാജയപ്പെട്ടു. ചിത്തരേഷ് നടേശന് പങ്കെടുത്തുമില്ല. ചട്ടങ്ങള്‍ ലംഘിച്ചുള്ള നിയമന നീക്കം പുറത്തുവിട്ടത് മനോരമ ന്യൂസായിരുന്നു.
കായികകേരളത്തിന്റെ അഭിമാനമെന്ന വിശേഷണത്തോടെയാണ് ഷിനു ചൊവ്വയേയും ചിത്തരേഷ് നടേശനെയും ആംഡ് പൊലീസ് ഇന്‍സ്പെക്ടറായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. സ്പോഴ്സ് ക്വാട്ടാ നിയമനത്തിന് പരിഗണിക്കുന്ന അംഗീകൃത കായിക ഇനമല്ല ബോഡി ബില്ഡിങ്ങെന്നതും പൊലീസില്‍ ഇന്‍സ്പെക്ടറായി നേരിട്ട് സ്പോഴ്സ് ക്വാട്ടാ നിയമനം നടത്തരുതെന്ന ചട്ടവും ഒളിംപ്യന്‍ എം.ശ്രീശങ്കറിനെ പരിഗണിക്കണമെന്ന ഡി.ജി.പിയുടെ ശുപാര്‍ശയും മറികടന്നുള്ള പിന്‍വാതില്‍ നിയമനത്തിന് പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ കരുതലെന്ന് വ്യക്തമായിരുന്നു.
വിമര്‍ശനങ്ങളെ അംഗീകരിക്കാതെ മുന്നോട്ട് പോയ മുഖ്യമന്ത്രിയുടെ വകുപ്പ് ഇവരെ പൊലീസില്‍ എടുക്കാനുള്ള അവസാനകടമ്പ മറികടക്കാനായി ഇന്ന് പുലര്‍ച്ചെ പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ ഇവര്‍ക്ക് മാത്രമായി കായിക പരീക്ഷ വെച്ചു. ചിത്തരേഷ് നടേശന് പങ്കെടുത്തില്ല. ഷിനു ചൊവ്വ പരീക്ഷക്കെത്തി. 8 ഇനങ്ങളില്‍ അഞ്ചെണ്ണമെങ്കിലും ജയിക്കണം. പക്ഷെ അടിസ്ഥാന മല്‍സരമായ നൂറ് മീറ്റര്‍ ഓട്ടം തുടങ്ങി ലോംങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയില്‍ പരാജയം. കായികമികവിന്റെ മറവിലുള്ള പിന്‍വാതില്‍ നീക്കം കായികമൈതാനത്ത് തന്നെ തകര്‍ന്നടിഞ്ഞു.
അതേസമയം, കായിക ക്ഷമതാ പരീക്ഷയ്ക്ക് വീണ്ടും അവസരം വേണമെന്ന് ഷിനു. ഷിനു മുഖ്യമന്ത്രിക്ക് പരാതി നല്കി. വീഡിയോയില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവിടണം. ജോലിക്ക് വേണ്ടിയല്ല. തന്റെ ഭാഗം തെളിയിക്കാനെന്നും ഷിനു മനോരമ ന്യൂസിനോട് പറഞ്ഞു.