യു.പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീക്കം. ഉദ്യോഗസ്ഥർക്കെതിരെ എംഎല്‍എ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും പരാതി നൽകിയിരുന്നു. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ മൊഴി ആലപ്പുഴ എക്സൈസ് അസി. കമ്മീഷണർ അശോക് കുമാർ രേഖപ്പെടുത്തി.

ഡിസംബർ 28നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്ന കനിവ് അടക്കമുള്ളവർക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയത്. ഇവരെ ഉടൻ  ജാമ്യത്തിൽ വിടുകയും ചെയ്തു. തന്‍റെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ല എന്ന വാദവുമായി പ്രതിഭ എംഎൽഎ പരസ്യമായി രംഗത്തെത്തിയതോടെ വിവാദം രൂക്ഷമായി. 

നിയമസഭയിലും സിപിഎം  ജില്ലാ സമ്മേളനത്തിലും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച പ്രതിഭ തുടർന്ന് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും പരാതിയും നൽകി. ഇതേ തുടർന്നാണ് ആലപ്പുഴ അസി. എക്സൈസ് കമ്മീഷണർ അശോക് കുമാറിനെ അന്വേഷണ ചുമതല ഏൽപിച്ചത്. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽ കുമാർ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. 

എംഎൽഎയുടെ മകൻ അടക്കമുള്ളവരെ പിടികൂടിയ എക്സൈസ് സംഘത്തിലെ മുഴുവൻ പേരുടെയും മൊഴിയെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുറച്ചു പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിനു ശേഷം ആലപ്പുഴ അസി. എക്സൈസ് കമ്മീഷണർ , സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകും. ഇതിന്‍റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.

ENGLISH SUMMARY:

In connection with the ganja case against the son of U. Pratibha MLA, action has been taken against the excise officials