കൂലി കൊടുക്കാൻ പണമില്ലാത്തതിനാൽ കൃഷിയിടത്തിലിറങ്ങുന്ന ആനയെ തുരത്താൻ വാച്ചർമാരെ സ്വന്തം നിലയിൽ നിയമിക്കാൻ പഞ്ചായത്തിനോട് നിർദേശിച്ച് വനം വകുപ്പ്. ഏഴ് മാസത്തിലേറെയായി ജീപ്പിൽ ഇന്ധനം നിറയ്ക്കാൻ സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് പറഞ്ഞ പാലക്കാട് ഡിഎഫ്ഒയുടെ കീഴിലെ വാളയാർ റേഞ്ച് ഓഫിസറാണ് പുതുശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് കത്തെഴുതിയത്. വനം വാച്ചർമാർ തുരത്തിയിട്ട് കാട് കയറാത്ത ആനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരിശീലനമൊന്നും നേടാത്തവര്‍ക്ക് എങ്ങനെ സാധിക്കുമെന്നും അവരുടെ ജീവൻ അപകടത്തിലാവില്ലേ എന്നും കർഷകർ.
ഞങ്ങളുടെ പണി നിങ്ങൾ മറ്റാരെയെങ്കിലും ഏൽപ്പിക്കൂ എന്നതാണ് കത്തിലൂടെയുള്ള വനം വകുപ്പിന്‍റെ നിര്‍ദേശം. കയ്യിൽ നയാ പൈസയില്ലാത്തത് തന്നെയാണ് കാരണം. സ്വന്തം അധികാര പരിധിയിൽ ഒരിഞ്ച് കടക്കാൻ ആരെയും അനുവദിക്കാത്ത വനം വകുപ്പാണ് ഗതിമുട്ടി കത്തെഴുതിയത്. പടക്കത്തിന്‍റെ ശബ്ജവും, വനം വകുപ്പിന്‍റെ സൈറണും കേട്ടാലും കാട്ടിലേക്ക് മാറാത്ത ആനക്കൂട്ടം പരിചയമില്ലാത്ത സംഘത്തിനെ തിരിച്ചോടിച്ച് അപായപ്പെടുത്തില്ലേ എന്ന് ആശങ്ക.
ഏഴ് മാസമായി ജീപ്പില്‍ ഡീസലടിക്കാൻ സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നും ആനയെ തുരത്താൻ ഉദ്യോഗസ്ഥരെ അയയ്ക്കാൻ നിർവാഹമില്ലെന്നും പാലക്കാട് ഡി.എഫ് ഒ ഒരാഴ്ച മുന്‍പാണ് കർഷകനോട് തുറന്ന് സമ്മതിച്ചത്. ഈ പ്രതിസന്ധി അടുത്ത കാലത്തൊന്നും നീങ്ങില്ല എന്നതിൻ്റെ തെളിവ് കൂടിയാണ് വനംവകുപ്പിന്‍റെ കത്ത്