TOPICS COVERED

ഭീഷണിപ്പെടുത്തി സമരം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകര്‍. ഇന്നലെ സെക്രട്ടേറിയറ്റ് സമരത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ പി ആര്‍ ഒമാര്‍ ആവശ്യപ്പെട്ടതായി സെക്രട്ടറി എം എ ബിന്ദു മനോരമ ന്യൂസിനോട് പറഞ്ഞു. ഇതിനിടെ ആശാപ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപക പണിമുടക്ക് തുടങ്ങി. 

ആശാപ്രവര്‍ത്തകര്‍ സമരം കടുപ്പിക്കുകയാണ്. നൂറു കണകണക്കിന് ആശാപ്രവര്‍ത്തകര്‍ പണിമുടക്ക് നോട്ടീസ് നല്കി ജോലിയില്‍ നിന്ന് വിട്ടു നി ല്ക്കുന്നു. സെക്രട്ടേറിയറ്റിനുമുമ്പിലെ രാപ്പകല്‍ സമരത്തിലേയ്ക്ക് കൂടുതല്‍ ആശമാരെ എത്തിക്കാനാണ് ശ്രമം. ഇതിനിടെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി ആശമാര്‍.

ഒത്തു തീര്‍പ്പിനുളള വാതില്‍ അടച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി പറയുമ്പോഴും സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കില്ലെന്നാണ് വിവരം.  ഓണറേറിയം 21000 ആക്കുന്നതും വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം അനുവദിക്കുന്നതും നിലവില്‍ അസാധ്യമാണെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. ആശാപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ നിരുപാധികം അംഗീകരിക്കണമെന്ന് സാമൂഹ്യ – സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് പി കെ ഷംസുദീന്‍, ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്. ആരോഗ്യ കേരളത്തിന്‍റെ നട്ടെല്ലായ ആശമാരുടെ  സേവനങ്ങള്‍ തടസ്സപ്പെടുന്നതും സമരം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതും സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കും.  

ENGLISH SUMMARY:

The ASHA workers protesting in front of the Secretariat have accused the government of attempting to suppress their strike through threats. Secretary M.A. Bindu told Manorama News that the PRO had requested details of those who participated in yesterday's Secretariat protest.