TOPICS COVERED

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദബാധിതനായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍.വാസവന്‍ നിയമസഭയിലേക്ക് മല്‍സരിച്ചപ്പോഴാണ് റസലിന് താല്‍കാലിക ചുമതല ആദ്യം നല്‍കിയത്. കഴിഞ്ഞ ജില്ലാസമ്മേളനത്തിലും റസലിനെ  നിലനിര്‍ത്തുകയായിരുന്നു. 1981 മുതല്‍ സിപിഎം അംഗമായ റസല്‍  സിഐടിയു മുന്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു.

12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ നയിച്ച് ഒട്ടേറെ തവണ പൊലീസ് മർദനത്തിന് ഇരയായി. ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ് റസല്‍. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകൾ. മരുമകൻ അലൻ ദേവ്.

സഹോദരന്‍ നഷ്ടപ്പെട്ട വേദനയാണ് തനിക്കെന്ന് മന്ത്രി വി.എന്‍.വാസവന്‍ അനുശോചിച്ചു. സംഘടനയെ ശക്തമായി നയിച്ചുവെന്നും എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാന്‍ എ.വി.റസലിന് കഴിഞ്ഞുവെന്നും നികത്താനാവാത്ത നഷ്ടമാണ് റസലിന്‍റെ വിയോഗമെന്നും മന്ത്രി പറഞ്ഞു. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് റസലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അനുസ്മരിച്ചു. 

ENGLISH SUMMARY:

CPM Kottayam District Secretary A.V. Rasal succumbs to cardiac arrest at Apollo Hospital, Chennai. He was battling cancer and had held the position since V.N. Vasavan’s election.