പൊരിവെയിലും കൊണ്ട് കഞ്ഞി വെച്ച് കുടിച്ച് സർക്കാരിൻ്റെ കരുണയ്ക്കായി കേഴുകയാണ് സെക്രട്ടേറിയറ്റ് നടയിൽ ആരോഗ്യ കേരളത്തിൻ്റെ നട്ടെല്ലായ ആശമാർ. കൺമുമ്പിൽ 11 ദിവസമായി നടക്കുന്ന പട്ടിണിസമരം കാണാത്ത മുഖ്യനും കൂട്ടരും പി എസ് സി അംഗങ്ങളുടെ കാര്യത്തിലായിരുന്നു ആശങ്ക മുഴുവൻ.
നിലവിൽ രണ്ടു ലക്ഷത്തി ഇരുപത്തിനാലായിരം രൂപ ശമ്പളം വാങ്ങുന്ന പി എസ് സി ചെയർമാന് മൂന്നു ലക്ഷത്തി എൺപത്തേഴായിരം ആയങ്ങ് കൂട്ടിക്കൊടുത്തു. അംഗത്തിന് 2.19 ലക്ഷത്തിൽ നിന്ന് 3.80 ലക്ഷമായി ചെറിയൊരു വർധന. അംഗത്തിൻ്റെ പെൻഷൻ കൂട്ടിയത് 1.20 ലക്ഷത്തിൽ നിന്ന് 2.25 ലക്ഷമായും . രാഷ്ട്രീയ സ്വാധീനം പ്രധാന യോഗ്യതയായ പി എസ് സി അംഗത്തിന് ഒന്നാം ക്ലാസ് യാത്രാപ്പടിയും ആശ്രിതർക്ക് പോലും ചികിത്സയ്ക്ക് പണവും ചെയർമാനാണെങ്കിൽ കാറും വീടും എല്ലാമുണ്ട്.
ഇനി കുഞ്ഞുങ്ങൾക്ക് കുത്തി വയ്പെടുത്തെന്ന് ഉറപ്പാക്കാനും പ്രായമായ മാതാപിതാക്കൾക്ക് മരുന്നു വാങ്ങിക്കൊടുക്കാനും കാൽനട വണ്ടിയിൽ കിലോമീറ്ററുകൾ താണ്ടുന്ന ആശാ പ്രവർത്തകയ്ക്ക് സർക്കാർ എന്തുകൊടുക്കുന്നുണ്ട്.
ഓണറേറിയമായി കൊടുക്കുന്നത് വെറും ഏഴായിരം രൂപ . അത് തന്നെ മാസങ്ങളോളം കുടിശിക. നൂറ് കൂട്ടം നൂലാമാലകൾ കടന്നാൽ ചെറിയൊരു തുക ഇൻസെൻ്റീവ് ആയും കിട്ടും. അതും മിക്കപ്പോഴും കുടിശിക തന്നെ. ഓണറേറിയം 21000 ആയി ഉയർത്തുക , വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം നല്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആശാ പ്രവർത്തകരുടെ സമരം.
പി എസ് സി അംഗങ്ങൾക്ക് ലക്ഷങ്ങൾ കൊടുക്കാനുണ്ടെങ്കിലും ആശാ പ്രവർത്തകയ്ക്ക് തുച്ഛമായ തുക പോലും കൂട്ടിക്കൊടുക്കാൻ കാശില്ലെന്നാണ് സർക്കാരിൻ്റെ നിലപാട്.