പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പള വര്‍ധനയില്‍ എതിര്‍പ്പുമായി ജോയിന്റ് കൗണ്‍സില്‍. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്. സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് സി.പി.ഐ അനുകൂല സംഘടന നിലപാടെടുത്തു. സര്‍ക്കാര്‍ മുന്‍ഗണനകള്‍ മറന്ന് പ്രവര്‍ത്തിക്കരുതെന്ന് സംഘടനാനേതാവ് ജയചന്ദ്രന്‍ കല്ലിങ്കല്‍ പറഞ്ഞു.
ആശാവര്‍ക്കര്‍മാര്‍ ആശയറ്റ് സെക്രട്ടേറിയറ്റ് നടയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ കൂട്ടി മന്ത്രിസഭാ തീരുമാനം. ചെയര്‍മാന് ജില്ലാ ജഡ്ജിയുടെ പരമാവധി തുകയ്ക്ക് തുല്യമായ ശമ്പളം നല്‍കും. ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം നിലവില്‍ 76,450 രൂപയാണ്. ജില്ലാ ജഡ്ജിയുടെ സൂപ്പര്‍ ടൈം സ്‌കെയിലിന്റെ പരമാവധിയായി ശമ്പളം ഉയര്‍ത്തിയാല്‍ ഇത് 2,24,100 രൂപ വരെയാകും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം നിലവില്‍ 70,290 രൂപയാണ്. ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് പരമാവധി സ്‌കെയില്‍ അനുസരിച്ച് വര്‍ധിപ്പിക്കുമ്പോള്‍ ഇത് 2.19.090 രൂപയാകും. നിലവില്‍ ക്ഷാമബത്ത 269 ശതമാനമായിരുന്നു. അടിസ്ഥാന ശമ്പളം കൂട്ടിയതോടെ കേന്ദ്ര ഡി.എ ആയ 53 ശതമാനമായി. ശമ്പളത്തിന്റെ 16 ശതമാനം വീട്ടുവാടകയും ഗതാഗത ചെലവും ലഭിക്കും.
ശമ്പള പരിഷ്കരണത്തിന് 2016 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയതോടെ, കോടികളുടെ അധികച്ചെലവാണ് പൊതുഖജനാവിനുണ്ടാകുക. പ്രത്യേകിച്ച് യോഗ്യതകള്‍ നിഷ്കര്‍ഷിക്കാത്ത, രാഷ്ട്രീയ നിയമനങ്ങള്‍ മാത്രമുള്ള പി.എസ്.സി അംഗത്തിന് ഏറ്റവും കുറഞ്ഞത് ഒരുലക്ഷം രൂപ കൂടും. പി.എസ്.സി ചെയര്‍മാന്റെ ശമ്പളവും കൂല്യങ്ങളും നാലു ലക്ഷം രൂപകവിയും. അംഗങ്ങള്‍ക്ക് ഇത് മൂന്ന് ലക്ഷത്തി എണ്‍പതിനായിരമാകും. 2006 മുതലയുള്ള ശമ്പളവും ആനുകൂല്യങ്ങളുമാണ് ഇപ്പോള്‍ നിലവിലുള്ളത്.
ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് 2023 ജനുവരി 18-ന് പിഎസ് സി ചെയര്‍മാന്‍ എം.ആര്‍.ബൈജു മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ദേശീയ ജുഡീഷ്യല്‍ ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാകുന്നതുവരെ കാത്തിരിക്കാനാണ് ധനമന്ത്രി മുന്‍പ് ആവശ്യപ്പെട്ടിരുന്നത്. ദേശീയ ജുഡീഷ്യല്‍ ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാനത്ത് 2016 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയപ്പോഴാണ് പിഎസ് സി ചെയര്‍മാനും ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടത്.