കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജില്‍ ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. ഒളവണ്ണ സ്വദേശിയും ബിബിഎ വിദ്യാർഥിയുമായ വിഷ്ണുവിനെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ മർദ്ദിച്ചത്. ആറു വിദ്യാർഥികൾക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച കോളജില്‍ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി കൂളിങ് ഗ്ലാസ് ധരിച്ച് ഡാന്‍സ് കളിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ സ്റ്റേജില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് സിനാനും ഗൗതവും മറ്റ് നാലുപേരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
വിഷ്ണുവിന്‍റെ തലയ്ക്കും വലത് കാലിലും പരുക്കുണ്ട്. സംഭവം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ ആറു വിദ്യാര്‍ഥികളെയും സസ്പെന്‍ഡ് ചെയ്തതായി കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. റാഗിങ് നിരോധന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.