വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ റാഗിങ് ക്രൂരതയ്ക്ക് ഇരയായ ജെ.എസ്.സിദ്ധാർഥൻ മരിച്ചിട്ട് ഇന്ന് ഒരാണ്ട്. സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ കൈകാര്യം ചെയ്യുന്നതിൽ വെറ്ററിനറി സർവകലാശാലയ്ക്കുണ്ടായതു വൻ വീഴ്ച. പ്രതികളെ തുടർപഠനത്തിനായി കോളജിൽ പ്രവേശിപ്പിക്കാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർവകലാശാല അപ്പീൽ നൽകിയിട്ടില്ല. റാഗിങ് തടയുന്നതിനു ചുമതലപ്പെട്ട ഉന്നതോദ്യോഗസ്ഥർക്ക് ഉണ്ടായ വീഴ്ചയിലും അന്വേഷണവും ഉണ്ടായിട്ടില്ല.
പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന കോടതിവിധി നടപ്പിലാക്കാൻ അസാധാരണ തിടുക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. മണ്ണുത്തിയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതും 2 അധ്യാപകരെ പരീക്ഷാച്ചുമതലക്കാരാക്കി നിയോഗിക്കാൻ തീരുമാനമെടുത്തതുമെല്ലാം ശരവേഗത്തിലായിരുന്നു. ഉത്തരവിറങ്ങിയ അന്നു തന്നെ പ്രതികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കുന്ന തരത്തിലായിരുന്നു നടപടികൾ. പ്രതികൾക്ക് അനുകൂല ഉത്തരവ് ഇറങ്ങിയയുടൻ അവരെയെല്ലാം തിരികെ പ്രവേശിപ്പിക്കാൻ അതിവേഗം നടപടിയെടുക്കുകയും ചെയ്തു.
അതേസമയം, സിദ്ധാർത്ഥന്റെ മരണത്തിൽ ഉന്നതോദ്യോഗസ്ഥരുടെ കൃത്യവിലോപം സർവകലാശാല മറച്ചുവെച്ചു. അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡീനിനെയും വാർഡനെയും മാത്രം ബലിയാടാക്കിയെന്നാണ് ഉയരുന്ന ആരോപണം. സർവകലാശാലയിലെ ആന്റി റാഗിങ് കമ്മിറ്റി ചെയർമാൻ കൂടിയായ റജിസ്ട്രാർ, അക്കാദമിക്സ് ആൻഡ് റിസർച്ച് ഡയറക്ടർ, ഡയറക്ടർ ഓഫ് ഓൺട്രപ്രനർഷിപ്, സ്റ്റുഡന്റ്സ് വെൽഫയർ ഡയറക്ടർ എന്നിവരുടെ വീഴ്ചകൾ അന്വേഷിച്ചതേയില്ല. ഉന്നതരിലേക്ക് അന്വേഷണം നീളാത്തതിനു പിന്നിൽ രാഷ്ട്രീയസ്വാധീനമാണെന്നാണ് ഉയരുന്ന ആരോപണം.
മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യത്തിന് ഇരയായ സിദ്ധാർഥൻ മർദനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. കുറ്റക്കാർക്ക് ശിക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ട് സിദ്ധാർഥന്റെ കുടുംബം ഇന്നും കോടതി കയറി ഇറങ്ങുകയാണ്.
സിദ്ധാർഥൻ മരിച്ച് ഒരു വർഷമായിട്ടും കേസ് സിബിഐ ഏറ്റെടുത്തിട്ടും അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഫെബ്രുവരി 15ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരികെ ക്യാംപസിലേക്ക് വിളിച്ചു വരുത്തിയാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്. 16ന് രാവിലെ ക്യാംപസിൽ എത്തിയതു മുതൽ സിദ്ധാർഥൻ തുടർച്ചയായി മർദനമേൽക്കുകയായിരുന്നുവെന്ന് ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. എസ്എഫ്ഐ പ്രവർത്തകരായ 17 പ്രതികളെ സംരക്ഷിക്കാൻ ലോക്കൽ പൊലീസ് ആദ്യഘട്ടത്തിൽ പരമാവധി ശ്രമിച്ചു. പരാതിയും പ്രതിഷേധവും ഉയർന്നതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു.
ക്യാംപസിന്റെയും ഹോസ്റ്റലിന്റെയും പല ഭാഗത്തും കൊണ്ടുപോയി സിദ്ധാർത്ഥനെ മർദിച്ചു. അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന സിദ്ധാർഥനെ മറ്റു വിദ്യാർഥികൾ നോക്കിനിൽക്കെ പരസ്യ വിചാരണ ചെയ്തു. തൊട്ടു പിന്നാലെ പീഡനം സഹിക്കാൻ ആകാതെ സിദ്ധാർത്ഥൻ തൂങ്ങിമരിച്ചത്. ഹോസ്റ്റലിനുള്ളിൽ മൃഗീയമായ പീഡനത്തിന് സിദ്ധാർഥൻ ഇരയായെന്ന് തെളിഞ്ഞു. ഒന്നും അറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു വാർഡനും ഡീനുമെല്ലാം. ഒടുവിൽ ഗവർണർ ഇടപെട്ടതോടെ വിസി ഉൾപ്പെടെയുള്ളവരുടെ കസേര തെറിച്ചു. വിദ്യാർഥികളെ ക്യാംപസിൽ നിന്ന് പുറത്താക്കുകയും മൂന്ന് വർഷത്തേക്ക് പഠനം നിഷേധിക്കുകയും ചെയ്തു.
എന്നാൽ അതിനെയെല്ലാം തകിടം മറിക്കുന്ന കാഴ്ചയാണു പിന്നീട് ഉണ്ടാകുന്നത്. ക്രൂരമായി പീഡിപ്പിച്ച് സഹപാഠിയെ മരണത്തിലേക്ക് തള്ളിവിട്ടവർക്ക് പഠനം തുടരാനുള്ള സാഹചര്യമൊരുക്കാനാണ് നിലവിലെ ശ്രമം. സിദ്ധാർഥന്റെ മാതാപിതാക്കൾ മരണം വരെ പോരാടാൻ ഇറങ്ങിത്തിരിച്ചതുകൊണ്ടുമാത്രമാണ് ഇപ്പോഴും പ്രതികൾക്ക് പഠനം തുടരാൻ സാധിക്കാതെ വന്നത്.
കേസിന്റെ തുടക്കം മുതൽ പൊലീസ് പ്രതികൾക്കൊപ്പമാണ് നിന്നത്. എസ്ഫ്ഐയും ഇടതു സംഘടനകളും മാത്രം പ്രവർത്തിക്കുന്ന ക്യാംപസിൽ, പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷിക്കാൻ ജില്ലയിലെ നേതാക്കൻമാർ ഉൾപ്പെടെ ഇടപെട്ടുവെന്ന് പിന്നീട് വ്യക്തമായി. എന്നാൽ ഒരുവർഷത്തിനുശേഷം ക്യാമ്പസിന്റെ അവസ്ഥ മാറി. റാഗിങ്ങിനെതിരെ നിലപാട് കടിപ്പിച്ചു.
സിദ്ധാർഥന്റെ കുടുംബത്തിന്റെ ഒപ്പമുണ്ടെന്ന് പറയുകയും പ്രതികൾക്ക് വേണ്ട സഹായം ചെയ്തു നൽകുകയും ചെയ്യുന്ന നിലപാട് സർക്കാർ തുടരുകയാണ്.
മകന്‍റെ മരണത്തിന് ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കള്‍. സിബിഐ റിപ്പോര്‍ട്ടെന്ന പേരില്‍ എസ്എഫ്ഐയും സിപിഎമ്മും വീണ്ടും കൊല്ലാക്കൊല ചെയ്യുകയാണെന്നും പിതാവ് ജയപ്രകാശ് ആരോപിച്ചു. മനുഷ്യത്വം ഉണ്ടെങ്കില്‍ ഇനിയെങ്കിലും കൂടെ നില്‍ക്കണമെന്ന് അമ്മ ഷീബയും ആവശ്യപ്പെട്ടു. മകന്‍റെ ഓര്‍മകളും ആഗ്രഹങ്ങളും മുറുകെപ്പിടിച്ചാണ് ഈ കുടുംബത്തിന്‍റെ നീതിക്കായുള്ള പോരാട്ടം തുടരുന്നത്.
സിദ്ധാര്‍ഥന്‍റെ ആഗ്രഹമായിരുന്നു അവനൊപ്പം അമ്മയും വയലിന്‍ പഠിക്കണമെന്ന്. മകന്‍ പോയെങ്കിലും അമ്മ ആ ആഗ്രഹം നടത്തിക്കൊടുക്കുകയാണ്. വേറെയുമുണ്ടായിരുന്നു അവന് സ്വപ്നങ്ങള്‍. മകന്‍റെ മുറി, വരകള്‍–പുസ്തകങ്ങള്‍– ഉടുപ്പുകള്‍–നിധിപോലെ കാത്ത് സൂക്ഷിക്കുന്ന ആ ഓര്‍മകളാണ് അമ്മയുടെ ജീവശ്വാസം.