വയനാട് വെന്നിയോടിൽ കെ.എസ്.ഇ.ബി. ഇരുട്ടിലാക്കിയ നബീസുമ്മയ്ക്ക് മനോരമ ന്യൂസ് വാർത്തയെ തുടർന്ന് പുതുവെളിച്ചം. അന്യായമായ വൈദ്യുതി ബില്ല് അടച്ചില്ലെന്ന് കാണിച്ച് കെ.എസ്.ഇ.ബി വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ചു.
മൂന്നു ദിവസം മുമ്പാണ് കമ്പളക്കാട് വെന്നിയോട് സ്വദേശി നബീസുമ്മയുടെ വീട്ടിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിഛേദിച്ചത്. പ്രളയത്തിൽ വീടു മുങ്ങിയതോടെ വന്ന പതിനൊന്നായിരം രൂപയുടെ വൈദ്യുതി ബില്ലടക്കാൻ വൈകിയതോടെയായിരുന്നു കെ.എസ്.ഇ.ബിയുടെ നടപടി. രോഗിയായ നബീസുമ്മയുടെ ദുരിതം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ആ കണ്ണീരിനു പരിഹാരമായി, വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
വാർത്ത കണ്ട കരുനാഗപ്പിള്ളി സ്വദേശി ഡോ. അനിൽ മുഹമ്മദാണ് ബില്ലടക്കാനുള്ള തുക നൽകിയത്. പണമടക്കാതെ ഫ്യൂസിടില്ലെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ നിലപാട്. ദുരിതമറിഞ്ഞ് സഹായിച്ചവർക്ക് നബീസുമ്മ നന്ദി പറയുന്നുണ്ട്. കെ.എസ്.ഇ.ബി ഇനി ക്രൂരത കാണിക്കരുതേയെന്നും നബീസുമ്മ. നബീസുമ്മയെ പോലെ നിരവധി പേർ ഇരുട്ടിൽ കഴിയുന്നുണ്ടെന്നും കണ്ണിൽ ചോരയില്ലാത്ത നടപടി അവസാനിപ്പിക്കണമെന്നും നാട്ടുകാർ പറയുന്നുണ്ട്. നേരത്തേ മനോരമ ന്യൂസ് വാർത്തയെ തുടർന്ന് വകുപ്പ് മന്ത്രി ഇടപെട്ട് ഫ്യൂസ് തിരികെ സ്ഥാപിച്ചെങ്കിലും നടപടി പിന്നെയും ആവർ ത്തിക്കുകയായിരുന്നു. രോഗികളെ പോലും വെറുതെ വിടാത്ത വകുപ്പിന്റെ നടപടി അവസാനിപ്പിക്കണമെന്നാണ് ആവശ്യം