ചിറ്റൂരിലെ പാതിവിലത്തട്ടിപ്പിലെ മുഴുവൻ ഇടപാടും നടന്നത് മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ അറിവോടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി പ്രേംകുമാറിന്‍റെ നേതൃത്വത്തിലെന്ന് കോണ്‍ഗ്രസ് ആരോപണം. ഇദ്ദേഹത്തിന്‍റെയും ഭാര്യയുടെയും പേരിലുള്ള അണിക്കോട്ടെ വീടിന്‍റെ മേൽവിലാസത്തില്‍ സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തതിന്‍റെ രേഖകള്‍ പാലക്കാട് ഡിസിസി പുറത്ത് വിട്ടു. മന്ത്രിക്കോ തനിക്കോ ഇക്കാര്യത്തില്‍ പങ്കില്ലെന്നും പണം നല്‍കിയെന്ന് പറയുന്നവരെ കണ്ടിട്ടില്ലെന്നും പ്രേംകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
മന്ത്രിയുടെ അറിവോടെയാണ് രണ്ടായിരത്തിലേറെ സാധാരണക്കാരിൽ നിന്നും പ്രേംകുമാര്‍ ലക്ഷങ്ങൾ വാങ്ങിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. പ്രേംകുമാറിന്‍റെ മേല്‍വിലാസത്തില്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തതിന്‍റെ രേഖ കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടു. മന്ത്രിയുടെ ഓഫിസില്‍ വച്ചാണ് പണം വാങ്ങിയതെന്നും ആരോപണം.
മന്ത്രി കൃഷ്ണന്‍കുട്ടി രാജിവച്ച് ജുഡീഷ്യൽ അന്വേഷണത്തെ നേരിടണമെന്നും ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യുതൻ. തട്ടിപ്പില്‍ തനിക്കോ മന്ത്രിയ്ക്കോ യാതൊരു പങ്കുമില്ലെന്നാണ് പ്രേംകുമാറിന്‍റെ വിശദീകരണം. ചിറ്റൂര്‍ സീഡ് സൊസൈറ്റി ഓഫിസ് പ്രവര്‍ത്തനത്തിന്‍റെ സാധ്യത ആരായുന്നതിനിടെ തന്‍റെ മേല്‍വിലാസം രേഖപ്പെടുത്തിയതാണ്. ചിറ്റൂര്‍ കേന്ദ്രീകരിച്ച് നടന്ന പാതിവിലത്തട്ടിപ്പില്‍ അഞ്ഞൂറിലേറെ പരാതികളാണ് പൊലീസിന് കിട്ടിയിട്ടുള്ളത്. ബി.ജെ.പി നേതൃത്വവും പണം നല്‍കിയവരും മന്ത്രിയുടെ ഓഫിസിന്‍റെ പങ്കിനെക്കുറിച്ചാണ് ആരോപണം ഉന്നയിച്ചത്.