തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയുടെ ചികിത്സാ ദൗത്യം ചൊവ്വാഴ്ച പുനരാരംഭിക്കും . മുറിവേറ്റ കൊമ്പനെ ഇന്ന് രാവിലെ ഏഴാറ്റുമുഖം ഭാഗത്ത് കണ്ടെത്തി. കൂട് നിർമിച്ച ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ കോടാനാടുള്ള അഭയാരിണ്യത്തിലേക്ക് മാറ്റും.
മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ ഏഴാറ്റുമുഖം ഭാഗത്ത് ചാലക്കുടി പുഴയുടെ സമീപമുള്ള പറമ്പിൽ ഇന്ന് രാവിലെയാണ് കണ്ടത്. ആനയുടെ മസ്തകത്തിലെ മുറിവ് കണ്ട സമീപവാസി ഉടൻ വനം വകുപ്പിനെ വിവരം അറിയിച്ചു.
ആന അവശനാണ്. ശരീരം മെലിഞ്ഞ് കാലുകൾക്ക് നീർക്കെട്ടുമുണ്ട്. ആനയെ കണ്ടെത്തിയതിനാൽ കൂടിന്റെ നിർമാണം 24 മണിക്കുറുകൾക്കുള്ളിൽ പൂർത്തിയാക്കി ദൗത്യം ചൊവാഴ്ച്ച ആംഭിക്കാനാണ് തീരുമാനം. ചികിത്സ ദൗത്യത്തിന്റെ ഭാഗമായി ഇന്ന് പുലർച്ചയോടെ വിക്രം എന്ന കുങ്കിയാനയെ എത്തിച്ചു. നാളെ മറ്റു രണ്ടു കുങ്കികളെ കൂടി എത്തിക്കും. ഡോ അരുൺ സക്കറിയക്കൊപ്പം ഇരുപത്ത് അംഗ സംഘം നാളെ എത്തും . എൺപത്ത് വനപാലകരുടെ സംഘവും സജ്ജമാണ്.