cm-speech

കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ ലേഖനം വിവാദമായ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് ആവര്‍ത്തിച്ച പിണറായി വിജയന്‍ അത് നാടിന്റെ നേട്ടമാണെന്ന് പറയുന്നതിൽ ചിലർക്ക് വല്ലാത്ത പ്രശ്നമെന്നും വിമര്‍ശിച്ചു. കേരളത്തിന്റെ നേട്ടത്തെപ്പറ്റിയുള്ള സ്വാഭാവിക പ്രതികരണമാണ് തരൂരിന്റേത്. നശീകരണ വാസനയുള്ള ചിലർ അത് വിവാദമാക്കി. എതിര്‍പ്പ് നാടിനോടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: സര്‍ക്കാരിന് നൂറുമാര്‍ക്ക് നല്‍കിയില്ല; തെറ്റ് ബോധ്യപ്പെട്ടാല്‍ തിരുത്ത‌ാം: തരൂര്‍‌

തരൂരിനെ വാഴ്ത്തി സിപിഎം നേതാവ് എ.കെ.ബാലനും രംഗത്തെത്തി. ശശി തരൂര്‍ എം.പി പറഞ്ഞത് യഥാര്‍ത്ഥ വസ്തുതയാണ്. തരൂര്‍ പറഞ്ഞതിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കേണ്ടത് വസ്തുതകള്‍ വച്ചാണെന്നും അദ്ദേഹം പറഞ്ഞു

വലതുപക്ഷം കെട്ടിപ്പൊക്കിയ നുണകോട്ട തകർന്നിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. വി.ഡി സതീശനും കെസി വേണുഗോപാലും  തള്ളിപ്പറഞ്ഞിട്ടും ശശി തരൂർ പറഞ്ഞതിൽ നിന്ന് മാറിയിട്ടില്ല. ഇടതുപക്ഷം വന്നാൽ വളർച്ച മുരടിക്കുമെന്ന വാദത്തെ ശശി തരൂർ തള്ളിക്കളഞ്ഞു.  ശശി തരൂരിനോട് ഒരുപാട് വിയോജിപ്പുകൾ ഉണ്ടെങ്കിലും ഈ വിഷയത്തിൽ തരൂരിന് ഒപ്പമാണെന്നും ബിനോയ് വിശ്വം കൊല്ലത്ത് പറഞ്ഞു

ഇതിനിടെ യു ഡിഎഫ് കൊണ്ടുവന്ന വികസനങ്ങൾ എണ്ണി എണ്ണിപ്പറഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ശശി തരൂർ യുഡിഎഫിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ ഇന്നിട്ട പോസ്റ്റ് മുഖവിലയ്ക്ക് എടുത്താൽ മതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

1991 മുതൽ യുഡിഎഫ് സർക്കാരുകളുടെ കാഴ്ചപ്പാടുകളാണ് കേരളത്തിന്റെ വ്യവസായിക പുരോഗതിയുടെ ആണിക്കല്ലെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. ഇൻഫോപാർക്കും സൈബർ സിറ്റിയും കിൻഫ്രയും അക്ഷയയും മുതലുള്ള ഒട്ടേറെ  പദ്ധതികൾ യുഡിഎഫിന്റേതാണ്. അന്ന് മണ്ണുമാന്തി യന്ത്രങ്ങളുമായി നിർമാണങ്ങൾ പൊളിക്കാൻ നടക്കുന്ന സർക്കാരുകളായിരുന്നു ഇടതുപക്ഷത്തിനുള്ളത്. 

 

യുഡിഎഫ് ഏറ്റെടുത്ത ഭൂമിയിൽ തുടർ വികസനങ്ങൾക്ക് ഒപ്പം ചേരുക മാത്രമാണ് ഇടതു സർക്കാരുകൾ ചെയ്തത്. വികസന പദ്ധതികളെ ഇപ്പോഴെങ്കിലും എൽഡിഎഫ് അംഗീകരിക്കുന്നതിൽ സന്തോഷമെന്നും പി കെ കുഞ്ഞാലിക്കുട്ടി. എ കെ ആൻറണിയുടെയും ഉമ്മൻചാണ്ടിയുടെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും കാലത്തെ വികസനങ്ങളെ ശശിതരൂർ ഫെയ്സ്ബുക്കിൽ പോസ്റ്റിലൂടെ എടുത്തു  പറഞ്ഞതിൽ മുസ്ലിംലീഗ് ഹാപ്പിയാണന്നാണ് സൂചന.

അതേസമയം, തരൂരിനെപ്പറ്റി മിണ്ടാതെ വ്യവസായ വകുപ്പിനെ കടന്നാക്രമിച്ച് കെ.സുധാകരന്‍ . സ്റ്റാര്‍ട്ടപ്പ് പദ്ധതിക്ക് തുടക്കമിട്ടത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ്. 

തുടർന്ന് അര്‍ഹിക്കുന്ന വളര്‍ച്ച കൈവരിക്കാനായില്ല. കോഴിക്കടകളും തട്ടുകടകളും ചേര്‍ത്തതാണ് സർക്കാരിന്റെ കണക്കെന്ന് പരിഹാസം. സംരംഭകരെ തല്ലിയോടിച്ചതും കംപ്യൂട്ടര്‍ തല്ലിപ്പൊളിച്ചതുമാണ് സി.പി.എം ചരിത്രമെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറ​ഞ്ഞു

 

മറുവശത്ത് ശശി തരൂര്‍ വ്യവസായ വകുപ്പിനെ പ്രശംസിച്ചത് ആയുധമാക്കി ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ പ്രതികരണവും അരങ്ങ് കൊഴുപ്പിച്ചു.  തരൂർ പിണറായി വിജയനെ പുകഴ്ത്തിയതും, എൽഡിഎഫുമായി സഹകരിച്ച് സമരം ചെയ്യുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനവും ഇരുമുന്നണികളും സുഹൃത്തുക്കളാണ് എന്നാണ് കാണിക്കുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.  യു.ഡി.എഫും എല്‍‌.ഡി.എഫും കേരളത്തിൽ പരസ്പരം പോരടിക്കുന്നത് കാപട്യമാണ്.  ഈ വഞ്ചനക്ക് കേരളത്തിലെ ജനങ്ങൾ പാഠം പഠിപ്പിക്കും.  2014-ൽ 400 സ്റ്റാർട്ട്‌- അപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്.  ഇന്നത് 1,40,000 ആയത്  നരേന്ദ്ര മോദിയുടെ നേട്ടമാണ്.  ഇക്കാര്യം തരൂരിന് നന്നായി അറിയാമെന്നും പ്രകാശ് ജാവദേക്കര്‍ എക്സില്‍ കുറിച്ചു.

ENGLISH SUMMARY:

UDF govts' policies brought significant changes to industrial sector, says Kunhalikutty