മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജിന് പകരം വായ്പ അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കേന്ദ്രസർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ, പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങുമെന്ന് ദുരിതബാധിതരും യുഡിഎഫും എൽഡിഎഫും മുന്നറിയിപ്പ് നൽകി. വയനാട് പുനരധിവാസത്തിനായി 529. 5 കോടി രൂപയാണ് പലിശയില്ലാത്ത വായ്പയായി കേന്ദ്രസർക്കാർ അനുവദിച്ചത്.
45 ദിവസത്തിനുള്ളിൽ 529 കോടി 50 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. ഈ നിർദേശം കുറച്ചൊന്നുമല്ല ദുരിതബാധിതരെ നിരാശരാക്കിയത്. പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് ദുരിതബാധിതർ..
കേന്ദ്രസർക്കാരിന്റെ നിലപാട് അങ്ങേയറ്റം ക്രൂരതയായെന്ന് സിപിഎം. കേന്ദ്രത്തിന്റെ വഞ്ചനപരമായ നിലപാട് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പുനരുധിവാസത്തിനായി 2000 കോടി രൂപയുടെ പാക്കേജെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, ദുരന്തമുണ്ടായി ആറുമാസം കഴിഞ്ഞിട്ടും ഒരു സഹായവും കേന്ദ്രസർക്കാരിന്റെ ഭാഗത്തുമുണ്ടായില്ല. വയനാടിനായി കേന്ദ്രബജറ്റിലും പ്രഖ്യാപനം ഉണ്ടായില്ല.