കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളജിലെ റാഗിങ് കേസിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ സംഘത്തോടും നിരപരാധിത്വം ആവർത്തിച്ച് നഴ്സിംഗ് കോളജ് അധികൃതർ. ഹോസ്റ്റലിൽ പ്രശ്നമുള്ളതായി അറിവില്ലായിരുന്നെന്നാണ് മൊഴി. അതിനിടെ മെൻസ് ഹോസ്റ്റലിൽ നിന്നുള്ള പൊലീസിന്റെ തെളിവ് ശേഖരണം പൂർത്തിയായി. ശാരീരിക പീഡനത്തിനായി ഉപയോഗിച്ച കോമ്പസും ഡമ്പലും ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡൻ ഉൾപ്പെടെ അഞ്ച് അധ്യാപകരുടെ വിശദമായ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
അന്വേഷണവിധേയമായി കോളജ് പ്രിന്‍സിപ്പല്‍ ടി.സുേലഖ, അസിസ്റ്റന്‍റ് വാര്‍ഡന്‍ പ്രഫ. അജീഷ് പി.മാണി എന്നിവെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ ഉടൻ നീക്കം ചെയ്യാനും ആരോഗ്യ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.മൂവർക്കും ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വിദ്യാർഥിയെ അതിക്രൂരമായി റാഗിങിന് ഇരയാക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസാണ് പുറത്തുവിട്ടത്. സംഭവത്തില്‍ കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.