യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ചര്‍ച്ചയായ ജിമ്മിനും എമര്‍ജിങ് കേരളയ്ക്കും ശേഷം, ഇനി പിണറായി സര്‍ക്കാരിന്‍റെ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്. കൊച്ചിയിൽ വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ ഒരുലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം കിട്ടുമെന്നാണ് വ്യവസായവകുപ്പിന്‍റെ പ്രതീക്ഷ. രാജ്യത്തെ തന്നെ ഏറ്റവും വലിയ രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്‍റര്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതിന് ടാറ്റ ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച പ്രതിച്ഛായാനഷ്ടമാണ് രണ്ടാം പിണറായി സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി.
തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാണിക്കാൻ കാര്യമായി എന്തെങ്കിലുമൊക്കെ വേണം. അതിന് സ്വകാര്യ നിക്ഷേപം തന്നെ വഴി. ഈസ് ഓഫ് ഡൂയിങ് ബിസിനസിലെ ഒന്നാം സ്ഥാനം എന്ന ആത്മവിശ്വാസം നിക്ഷേപമാക്കി മാറ്റുന്നതിനാണ് ശ്രമം. സമ്മിറ്റിന് മുന്നോടിയായി പലയിടത്തും റൗണ്ട് ടേബിള്‍ ചര്‍ച്ച, കോണ്‍ക്ലേവുകള്‍, റോഡ് ഷോ എന്നിവ നടത്തി. വിഴിഞ്ഞം തുറമുഖം കൂടി പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ ചരക്ക് നീക്കമാണ് ഏറ്റവും നിക്ഷേപം പ്രതീക്ഷിക്കുന്ന മേഖല. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ചില ധാരണാപത്രങ്ങള്‍ ഒപ്പിട്ടിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം സമ്മിറ്റിന്റെ ഭാഗമായി ഉണ്ടാകും.
ഐടി, ടൂറിസം, മെഡിക്കൽ ഡിവൈസ് ഉൽപ്പാദനം എന്നീ മേഖലകളിൽ പല കമ്പനികളുമായും ധാരണയിൽ എത്തിയിട്ടുണ്ട്. ടാറ്റയുമായി വ്യവസായ വകുപ്പ് നടത്തിയ ചർച്ചയിൽ രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെൻറർ സ്ഥാപിക്കാൻ ആലോചന ഉണ്ടെന്ന് കമ്പനി അറിയിച്ചിരുന്നു. ഇത് സംസ്ഥാനത്ത് തന്നെ യാഥാർത്ഥ്യമാക്കുന്നതിന് വ്യവസായ വകുപ്പ് ശ്രമം നടത്തുകയാണ്. സ്പൈസസ് പാര്‍ക്കിലും പുതിയ പദ്ധതികള്‍ വരും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ബി.പി.സി.എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുതിയ പദ്ധതികളും പ്രതീക്ഷിക്കുന്നു.