തിരുവനന്തപുരം കുറ്റിച്ചലിൽ സ്കൂളിൽ പ്ലസ്‌വൺ വിദ്യാർഥിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരുത്തിപള്ളി ഗവൺമെൻറ് വിഎച്ച്എസ്എസിലെ വിദ്യാർത്ഥിയായ തച്ചങ്കോട് സ്വദേശി ബെൻസൻ എബ്രഹാമാണ് മരിച്ചത്. പഠന റെക്കോഡിൽ സീൽ വയ്ക്കുന്നതുമായി ബന്ധപ്പെട്ട ക്ലാർക്കുമായുള്ള തർക്കമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. അതേസമയം, ആരോപണവിധേയനായ ക്ലാർക്ക് ഇന്നലെ രാത്രി അവധിയിൽ പോയത് ദുരൂഹത കൂട്ടി.
കുറ്റിച്ചൽ സ്വദേശി ബെന്നി ജോർജിന്റെയും സംഗീതയുടെയും മകനായ ബെൻസൺ എബ്രഹാമിനെ ക്ലാസ് മുറിയുടെ തൊട്ടടുത്തുള്ള പടിക്കെട്ടിൽ രാവിലെ ഏഴരയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ ബെൻസനെ കാണാനില്ലെന്നായിരുന്നു. പഠന റെക്കോഡ് സീൽ വയ്ക്കാത്തതിനെ ചൊല്ലി സ്കൂളിലെ ക്ലാർക്കായ ജെ സനലും ബെൻസനും തമ്മിൽ ഇന്നലെ വാക്കേറ്റം ഉണ്ടായിരുന്നു. ഇക്കാര്യം സഹപാഠികളും പൊലീസിനോട് സ്ഥിരീകരിച്ചു.
തർക്കത്തിന്റെ പേരിൽ രക്ഷിതാവുമായി സ്കൂളിൽ എത്താൻ ബെൻസനോട് പ്രിൻസിപ്പൽ നിർദേശിച്ചിരുന്നു. ഇക്കാര്യം പ്രിൻസിപ്പാൽ സ്ഥിരീകരിച്ചെങ്കിലും ക്ളാർക്കിൽ നിന്ന് വിശദീകരണം തേടിയോ എന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയില്ല. ആരോപണ വിധേയനായ ക്ലാർക്ക് ഇന്നലെ രാത്രി വാട്സാപ്പിലൂടെ അവധിക്ക് അപേക്ഷിച്ചെന്നും പ്രിൻസിപ്പൽ സ്ഥിരീകരിച്ചു.
മൃതദേഹത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയില്ല. ആകെ ഉണ്ടായിരുന്നത് 200രൂപയാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ സ്കൂളിൽ പ്രതിഷേധിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.