elephant

TOPICS COVERED

കോഴിക്കോട് കൊയിലാണ്ടിയില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചത് ആനയുടെ ചവിട്ടേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങളില്‍ പെട്ടാണ് മറ്റു രണ്ട് പേര്‍ മരിച്ചത്. അതിനിടെ നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്ന വനംമന്ത്രിയുടെ പ്രസ്താവന ക്ഷേത്ര കമ്മറ്റി തള്ളി. പൊതുദര്‍ശനത്തിന് ശേഷം മൂവരുടേയം മൃതദേഹം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ സംസ്ക്കരിച്ചു. 

 

ക്ഷേത്രത്തിന്‍റെ വലതുവശുത്തുള്ള കെട്ടിടത്തിന് സമീപത്ത് ഇരിക്കുകയായിരുന്നു ലീലയും അമ്മു അമ്മയും. ഇടഞ്ഞ ആനകള്‍ എത്തിയപ്പോള്‍ ഓടി മാറാന്‍ ശ്രമിച്ച ലീല ആനകളുടെ ഇടയിലേയ്ക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ ആന ലീലയുടെ പുറത്തുചവിട്ടി. നട്ടെല്ലടക്കം തകര്‍ന്ന ലീല തല്‍ക്ഷണം മരിച്ചു. ഏത് ആനയാണ് ചവിട്ടിയതെന്ന് വ്യക്തമല്ല. അമ്മു അമ്മയും രാജുവും മരിക്കുന്നത് കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ ദേഹത്ത് പതിച്ചാണ്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം വരും. അതിനിടെ ക്ഷേത്രകമ്മറ്റി നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്തെത്തി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെയും എഡിഎമ്മിന്‍റെയും പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരുന്നു വനംമന്ത്രിയുടെ പ്രതികരണം. 

ആനയിടയാന്‍ കാരണം തുടര്‍ച്ചയായ പടക്കം പൊട്ടിക്കലിനിടെ കതീന കൂടി പൊട്ടിച്ചതാണെന്നാണ് നിഗമനം. കതിന പൊട്ടിയതിന് പിന്നാലെയാണ് പീതാംബരന്‍ എന്ന ആന ഗോകുലിനെ കുത്തുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. എന്നാല്‍ ചട്ടലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ക്ഷേത്രകമ്മറ്റി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ക്ഷേത്രത്തിന് സമീപത്ത് പ്രത്യേകം ഒരുക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് വച്ചു. നാടൊന്നാകെയെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ശേഷം അവരവരുടെ വീടുകളില്‍ സംസ്ക്കാരം. 

ENGLISH SUMMARY:

In Koyilandy, Kozhikode, a woman died in an elephant rampage. The preliminary post-mortem report confirms that she succumbed to injuries caused by the elephant's trampling.