പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ നിർണായക സാക്ഷികളിൽ നാലുപേര്‍ ചെന്താമരയെ പേടിച്ച് പൊലീസിന് മൊഴിനല്‍കുന്നതില്‍ നിന്നും പിന്മാറി. കൊലപാതകത്തിന് ശേഷം ചെന്താമര ആയുധവുമായി നിൽക്കുന്നതും കൊലവിളി നടത്തുന്നതും ആദ്യം പൊലീസിനോട് പറഞ്ഞവരാണ് കൂറുമാറിയത്. ചെന്താമര കൊല്ലാന്‍ നോട്ടമിട്ടിരുന്ന അയൽവാസി കൂടിയായ പുഷ്പ നിര്‍ണായക മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നത് അന്വേഷണത്തിന് കരുത്താവും.
ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുന്നത് ചെന്താമര ഒഴികെ മറ്റാരും കണ്ടിട്ടില്ല. സുധാകരനെ കൊലപ്പെടുത്തുന്നത് അമ്മ ലക്ഷ്മി കണ്ടെങ്കിലും ഉച്ചത്തിൽ കരയാൻ തുടങ്ങും മുൻപ് ലക്ഷ്മിയെയും ചെന്താമര വകവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊലയ്ക്ക് ശേഷം പ്രതിയെ ആയുധവുമായി കണ്ടെന്ന സാക്ഷിമൊഴി നിര്‍ണായകമായത്. കൊടുവാളുമായി ചെന്താമര നിൽക്കുന്നത് കണ്ടതായി ആദ്യം പൊലീസിന് മൊഴി നൽകിയ വീട്ടമ്മയാണ് ഒന്നും കണ്ടിട്ടില്ലെന്ന നിലപാടെടുത്തത്. ചെന്താമര സുധാകരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പറഞ്ഞ നാട്ടുകാരൻ അറിയില്ലെന്ന് പറഞ്ഞ് പിൻവാങ്ങി. കൊലപാതകദിവസം ചെന്താമര വീട്ടിലുണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂടി പിന്മാറി. അവിടെയും കൃത്യമായ നിലപാട് പറഞ്ഞ് അയൽവാസി പുഷ്പ അന്വേഷണ സംഘത്തിനൊപ്പമായിരുന്നു. കൊലയ്ക്ക ശേഷം ചെന്താമര ആയുധവുമായി നിൽക്കുന്നതായി പുഷ്പ ആവർത്തിച്ചു. ചെന്താമര തന്നെയും വക വരുത്താൻ നോട്ടമിട്ടിരുന്നുവെന്ന ആശങ്കയ്ക്കിടയിലും നിലപാട് മാറ്റിയില്ല. ഇതിനകം പതിനാലു പേർ അനുകൂല മൊഴി നൽകി. പിൻവാങ്ങിയവർ ചെന്താമരയുടെ കണ്ണിൽ കരടാവേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ടാവാം എന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ തെളിവുകൾ, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ, പ്രതിയുടെ വസ്ത്രം എന്നിവ കണ്ടെടുക്കാനായതും കേസിൽ നിർണായകമാണ്. ആദ്യഘട്ടത്തില്‍ അനുകൂലമായി മൊഴിനല്‍കിയവര്‍ പിന്‍വാങ്ങിയതു കൊണ്ട് കേസിന്റെ തുടര്‍നടപടികള്‍ക്ക് ക്ഷീണമുണ്ടാവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.