01) അമല ആശുപത്രിയിൽ ചികിത്സയിലുള്ള മേക്കപ്പ് ആർട്ടിസ്റ്റ് 02) കെഎസ്ആര്‍ടിസി ബസിനെ ആക്രമിക്കുന്ന പടയപ്പ
ഇടുക്കിയില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണത്തില്‍ മേക്കപ്പ് ആര്‍ടിസ്റ്റിന് പരുക്ക്. മറയൂരിലെ മൈക്കിൾഗിരി എൽപി സ്കൂളിന്റെ വാർഷികത്തിന്റെ കലാപരിപാടികൾക്കു മേക്കപ്പ് ചെയ്യാനെത്തിയ തൃശൂർ സ്വദേശിനി ദിൽജ ബിജു (39)വിനാണ് പരുക്കേറ്റത്. ദിൽജയ്ക്കൊപ്പമുണ്ടായിരുന്ന മകൻ ബിനിൽ (19) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റ ദില്‍ജയെ തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി 11.30ന് മൂന്നാർ – മറയൂർ റോഡിലെ വാഗുവരെയിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. തൃശൂരിൽ നിന്നു ബൈക്കിലെത്തിയ ബിനിലും ദിൽജയും പടയപ്പയുടെ മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ട വെപ്രാളത്തിൽ ദിൽജ റോഡിൽ വീണു. പാഞ്ഞടുത്ത പടയപ്പ ദില്‍ജയെ ആക്രമിച്ചു. തോളിൽ കിടന്നിരുന്ന ബാഗ് കൊമ്പിൽ കുത്തി ഉയർത്തി. തുടർന്നു തുമ്പിക്കൈ കൊണ്ട് അടിച്ചെന്നും ദൃക്സാക്ഷികൾ പറയുന്നു. ദിൽജയുടെ ഇടുപ്പിന്റെ എല്ല് ഒടിഞ്ഞെന്നും നട്ടെല്ലിന്റെ രണ്ട് എല്ലുകൾക്കു പൊട്ടൽ സംഭവിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്നവർ ബഹളം വച്ചതിനെത്തുടർന്ന് ആന തേയിലത്തോട്ടത്തിലേക്കു കയറിപ്പോകുകയായിരുന്നു.
ഇതിനുപിന്നാലെ മൂന്നാറിൽ കെഎസ്അർടിസി ബസിന് നേരെയും പടയപ്പയുടെ ആക്രമണമുണ്ടായി. മൂന്നാറിൽ നിന്നും ഉദുമൽപേട്ടിലേക്ക് പോയ ബസിന് പിന്നിൽ കടുകുമുടി ഭാഗത്തുവെച്ചാണ് ആന മസ്തകം കൊണ്ട് ഇടിച്ചത്. ബസിലെ യാത്രക്കാർ പരിഭ്രാന്തരായെങ്കിലും മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കാതെ പടയപ്പ റോഡിൽ നിന്ന് മാറി. മദപ്പാടിലുള്ള പടയപ്പയെ മേഖലയിൽ നിന്നു മാറ്റണമെന്നും വനം വകുപ്പ് കാര്യക്ഷമമായി നിരീക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം