ജി.സുരേഷ് കുമാറിനെ വിമർശിച്ച ആന്റണി പെരുമ്പാവൂരിനെ തള്ളി നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സംഘടനാകാര്യങ്ങൾ സുരേഷ് കുമാർ പരസ്യമായി പറഞ്ഞത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണെന്നും ആന്റണി പെരുമ്പാവൂരിന്റെ വിമർശനം അനുചിതമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടെടുത്തു. ഇതിനിടെ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യത്തെ നടന്മാരായ രമേഷ് പിഷാരടിയും അജു വർഗീസും പരിഹസിച്ചു.
നിർമാതാക്കളുടെ സംഘടനയുടെ വാർത്താ സമ്മേളനത്തിൽ സിനിമാസമരവും നൂറുകോടി ക്ളബും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജി.സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ കഴിഞ്ഞ ദിവസമാണ് ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്ക് കുറിപ്പിട്ടത്.
സമരം ഗുണകരമാവില്ലെന്നും സംഘടനയിൽ അഭിപ്രായ സമന്വയമില്ലാതെ സുരേഷ് കുമാർ കാര്യങ്ങള്‍ വ്യക്തിപരമായി അവതരിപ്പിച്ചുവെന്നായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ ആരോപണം. എന്നാൽ സിനിമാസമരവുമായി ബന്ധപ്പെട്ടുള്ള യോഗത്തിലേക്ക് ക്ഷണമുണ്ടായിട്ടും വരാതെ സുരേഷ് കുമാറിനെ ആന്റണി പെരുമ്പാവൂർ വിമർശിച്ചുവെന്ന് നിർമാതാക്കളുടെ സംഘടന ആരോപിച്ചു. പ്രസിഡന്റ് ആന്റോ ജോസഫിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റുമാരായ സുരേഷ് കുമാറും സിയാദ് കോക്കറുമാണ് ചുമതല വഹിക്കുന്നതെന്നും അവർ പറഞ്ഞതെല്ലാം ഭരണസമിതിയുടെ തീരുമാനപ്രകാരം തന്നെയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. ഇതിനിടെയാണ് താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന സിനിമാനിർമാതാക്കളുടെ ആവശ്യത്തെ നടൻ രമേഷ് പിഷാരടിയും അജു വർഗീസും പരിഹസിച്ചതും പ്രീമിയം കാർ വാങ്ങാൻ ചെന്നിട്ട് വിലകുറച്ച് വേണമെന്ന് പറഞ്ഞാൽ ആര് തരുമെന്ന് രമേഷ് പിഷാരടിയും താരങ്ങളെന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോൾ അവരിൽ പലരും പണം വാങ്ങാതെ അഭിനയിച്ചിട്ടുണ്ടെന്നുകൂടി നിർമാതാക്കൾ പറയണ്ടേയെന്ന് അജു വർഗീസും മനോരമ ന്യൂസിനോട് പറഞ്ഞു. സ്വയം ഓഡിറ്റ് നടത്തി നഷ്ടത്തിലാണെന്ന് നിർമാതാക്കൾ വിളിച്ചുപറഞ്ഞത് കേട്ടപ്പോൾ സങ്കടം തോന്നിയെന്നും അജുവർഗീസ് പറഞ്ഞു.