കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉദ്ഘാടന വേദിയില്‍ നിന്നു വീണ് അതീവ ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. നാല്‍പത്തിയാറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് മടക്കം. പി.ടി തോമസും ദൈവവും തന്നെ കൈവെള്ളയിലെടുത്ത് രക്ഷിക്കുകയായിരുന്നുവെന്ന് ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവില്‍ ഉമ തോമസ് വികാരാധീനയായി. ഉമ തോമസിന്‍റേത് അദ്ഭുതകരമായ രക്ഷപ്പെടലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരുമാസം വിശ്രമം വേണം. നട്ടെല്ലിലെ പരുക്കുകള്‍ പൂര്‍ണമായി ഭേദപ്പെടണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു .
നാടിന്‍റെയാകെ പ്രാര്‍ഥനങ്ങള്‍. മികവുറ്റ ചികില്‍സ. ഒപ്പം പി.ടി തോമസ് പകര്‍ന്നു നല്‍കിയ ഇച്ഛാശക്തി. അങ്ങിനെ ഉമ തോമസ് ആശുപത്രിയില്‍ നിന്ന് ഇറങ്ങി. മരുന്നും മനോധൈര്യവും നല്‍കി ഉമ തോമസിന് റിനൈ ആശുപത്രിയില്‍ കരുതലായവര്‍ സന്തോഷത്തോടെ യാത്രയാക്കി. ജില്ലാ കലക്ടര്‍ എന്‍എസ്കെ ഉമേഷും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ആശുപത്രിയിലെത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെയും രമേശ് ചെന്നിത്തലയുടെയും വീഡിയോ കോള്‍ ഒരു മാസം കൂടി വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
കഴിഞ്ഞ ഡിസംബര്‍ 29നാണ് കലൂര്‍ സ്റ്റേഡിയത്തിലെ 15 അടി ഉയരമുള്ള വേദിയില്‍ നിന്ന് ഉമ തോമസ് വീണത്. തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും അതീവ ഗുരുതര പരുക്കേറ്റു. ഒരാഴ്ച്ച വെന്‍റിലേറ്ററിലും രണ്ടാഴ്ച്ച തീവ്ര പരിചരണ വിഭാഗത്തിലുമായിരുന്നു. ഉമ തോമസ് വീട്ടിലെത്തിയ ഉടന്‍ രമേശ് ചെന്നിത്തല കാണാനെത്തി. കുറച്ചു നാളത്തെ വിശ്രമത്തിന് ശേഷം ഇനി പതിയെ ജനപ്രതിനിധികളുടെ തിരക്കിലേയ്ക്ക്.