പാതിവില തട്ടിപ്പുകേസില്‍ പ്രതി അനന്തുകൃഷ്ണനെതിരെ ബഡ്‌സ് ആക്ട് ചുമത്തും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അനന്തു ബന്ധുക്കളുടെയും ബെനാമികളുടെയും പേരിൽ വാങ്ങിയ വസ്തുവകകൾ കണ്ടുകെട്ടാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. അതേസമയം പാതിവിലയ്ക്ക് സാധനങ്ങൾ നല്‍കാന്‍ ഇടനില നിന്ന രാഷ്ട്രീയക്കാരെ പ്രതി ചേർക്കേണ്ടതില്ലെന്നാണ് അന്വഷണ സംഘത്തിന്‍റെ നിലവിലെ തീരുമാനം. 

വിവിധ അക്കൗണ്ടുകളിലായി നാലുകോടിയോളം രൂപയും വിവിധ ജില്ലകളിലായി അഞ്ചിടങ്ങളില്‍ വസ്തുവും അനന്തുവിന്‍റെ പേരിലുണ്ട്. ഇതിന് പുറമെ ബിനാമി പേരിലും സ്വന്തമാക്കിയ വസ്തുവകകള്‍ കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ ഡയറക്ടർ, പ്രൊമോട്ടർ തുടങ്ങിയ സ്ഥാനങ്ങളിൽ ഉള്ളവരുടെ വസ്തുവകകളും, ആസ്തിയും  കണ്ടുകെട്ടുന്നതിനുള്ള അധികാരമുള്ള ബഡ്‌സ് ആക്ട് ചുമത്തിയാകും അനന്തുവിനെതിരായ നടപടി തുടരുക. ഇരു ചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും ലഭ്യമാക്കാൻ ഇടനിലക്കാരായി നിന്ന ജനപ്രതിനിധികളു അക്കൗണ്ടുകളിലേക്ക് പണം എത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം. അതുകൊണ്ടാണ് ഇവരെ നിലവില്‍ പ്രതിചേര്‍ക്കേണ്ടെന്ന നിലപാടെടുത്തത്. അതേസമയം എന്‍ജിഒ ഭാരവാഹികളെ സാക്ഷികളാക്കാനും നീക്കമുണ്ട്. 

അനന്തുകൃഷ്ണന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും അടക്കമുളള ഇലക്ട്രോണിക് ഉപകരണങ്ങൾ വിശദമായി പരിശോധിക്കും. അനന്തുവിന്റെ ചോദ്യം ചെയ്യൽ കൂടി പൂര്‍ത്തിയാക്കിയ ശേഷമാകും സായിഗ്രാം  ഗ്ലോബൽ ട്രസ്റ്റ് ചെയർമാനും എന്‍ജിഒ കോൺഫെഡറേഷൻ മുൻ ചെയർമാനുമായ കെ.എൻ ആനന്ദകുമാറിലേക്ക് നീങ്ങുക. അനന്തുവിനെ കസ്റ്റഡിയിൽ കിട്ടുന്നതിനായി വൈകാതെ അപേക്ഷ നല്‍കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ENGLISH SUMMARY:

The Crime Branch will charge Ananthu Krishnan under the BUDS Act and seize properties acquired in benami names. Politicians involved as intermediaries will not be charged.