നിക്കാഹ് നടന്ന് ദിവസങ്ങള്‍ക്കകം ഷൈമ എന്ന പതിനെട്ടുകാരി ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച അയല്‍വാസി സജീറിനെ (19 ) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷൈമ ആത്മഹത്യ ചെയ്തതിനു പിന്നാലെ സജീര്‍ കൈ ഞരമ്പ് മുറിച്ചു. ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിച്ചപ്പോള്‍ ശുചിമുറി കഴുകാനുപയോഗിക്കുന്ന ലായനി എടുത്ത് കുടിച്ച് വീണ്ടും ആശുപത്രിയിലായി.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജീര്‍ ആരുമറിയാതെ ഇവിടെ നിന്ന് കടന്നുകളഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ എടവണ്ണ പുകമണ്ണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷൈമയുമായി സജീര്‍ ഇഷ്ടത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം സജീര്‍ സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ‘എന്‍റെ മാലാഖ’ എന്ന ഒറ്റവരിക്കൊപ്പമാണ് വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് ഇരുവരും നില്‍ക്കുന്ന ചിത്രം സജീര്‍ പോസ്റ്റ് ചെയ്തത്.
വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. എന്നാല്‍ ഷൈമയുടെ വീട്ടുകാര്‍ മറ്റൊരു നിക്കാഹ് നിര്‍ബന്ധിച്ച് നടത്തി. ഷൈമയുടെ സമ്മതമില്ലാതെയാണ് ബന്ധുക്കള്‍ നിക്കാഹ് നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിലും ബോധ്യപ്പെട്ടിരുന്നു. ജനുവരി അവസാനമായിരുന്നു നിക്കാഹ്. മതാചാര പ്രകാരം ചടങ്ങ് നടത്തിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഷൈമയെ കൂട്ടിക്കൊണ്ട് പോയിരുന്നില്ല. പിന്നാലെ വീട്ടിനുള്ളില്‍ ഷൈമ തൂങ്ങിമരിക്കുകയായിരുന്നു.
പിതാവ് മരിച്ച ശേഷം പിതൃസഹോദരന്‍റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ സിനിവര്‍.