കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോക്ടർ വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം കോടതിയില്‍ വിചാരണതുടങ്ങി. പ്രതിയായ സന്ദീപിനെ ഒന്നാം സാക്ഷിയായ ഡോക്ടർ മുഹമ്മദ് ഷിബിൻ തിരിച്ചറിഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് വിശ്വസിക്കുന്നതെന്ന് വന്ദനദാസിന്റെ അച്ഛൻ മോഹൻദാസ് പറഞ്ഞു.
കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജ് പിഎൻ വിനോദ് മുമ്പാകെയാണു സാക്ഷിവിസ്താരം. കൊല്ലപ്പെടുന്ന സമയത്ത് വന്ദനയ്ക്ക് ഒപ്പം ജോലി ചെയ്തിരുന്ന ഡോക്ടർ മുഹമ്മദ് ഷിബിനെയാണ് ഒന്നാം സാക്ഷിയായി ആദ്യം വിസ്തരിച്ചത്. പ്രതിയായ സന്ദീപിനെ തിരിച്ചറിഞ്ഞെന്ന് പറഞ്ഞ ഡോ.മുഹമ്മദ് ഷിബിൻ കൊലപാതകത്തിന് ഉപയോഗിച്ച കത്രികയെക്കുറിച്ചും കോടതിയെ ബോധിപ്പിച്ചു. നിന്നെകൊല്ലുമെടീയെന്ന് പറഞ്ഞുകൊണ്ടാണ് സന്ദീപ് കത്രികകൊണ്ട് ഡോക്ടര്‍ വന്ദനയുടെ തലയില്‍ ഉള്‍പ്പെടെ കുത്തിയത്. ഇക്കാര്യങ്ങളെല്ലാം ഡോക്ടര്‍ ഷിബിന്‍ കൃത്യമായി പറഞ്ഞെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ.
ഡോക്ടര്‍ വന്ദനാദാസിന്റെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് വിശ്വസിക്കുന്നതെന്നും അതിന് വേണ്ടി ഏതറ്റം വരയും മുന്നോട്ട് പോകുമെന്നും അച്ഛന്‍ കെജി മോഹൻദാസ്. 131 സാക്ഷികളിൽ 35 പേർ ഡോക്ടർമാരാണ്. അന്‍പതു പേരെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുക. 2023 മേയ് പത്തിന് പുലർച്ചെയാണ് ഡോക്ടർ വന്ദനദാസ് കുത്തേറ്റ് മരിച്ചത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ വിദഗ്ദരെ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സന്ദീപിന് വേണ്ടി ഹാജരായ അഡ്വ. ബി.എ. ആളൂര്‍ പറഞ്ഞു.