റയില്‍വേ ഭൂമി ഒഴിവാക്കി സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് മാറ്റത്തിന് തയാറെന്ന് കെ റയില്‍. പാരിസ്ഥിതിക– സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ അതും പരിഹരിക്കാമെന്നും ദക്ഷിണ റയില്‍വേയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. എന്നാല്‍ ബ്രോഡ്ഗേജാക്കി മാറ്റാനാവില്ലെന്നും സ്റ്റാന്‍ഡേജ് ഗേജില്‍ പ്രത്യേക അതിവേഗ പാതയായി സില്‍വര്‍ ലൈന്‍ നിലനിര്‍ത്തണമെന്നും കെ റയില്‍ നിലപാട് അറിയിച്ചു
നിലവിലെ പദ്ധതി രേഖ അനുസരിച്ച് 108 ഹെക്ടര്‍ റയില്‍വേ ഭൂമിയാണ് സില്‍വര്‍ ലൈനുവേണ്ടി ഏറ്റെടുക്കേണ്ടി വരിക . പദ്ധതി കടന്നുപോകുന്ന ഒന്‍പതു ജില്ലകളില്‍ റയില്‍വേയുടെ ഭൂമി സില്‍വര്‍ ലൈന് ആവശ്യമായി വരും. കോഴിക്കോട് ജില്ലയിലാണ് ഏറ്റളും കൂടുതല്‍ റയില്‍വേ ഭൂമിയുള്ളത് 40.35 ഹെക്ചര്‍. തിരൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് നിലവിലെ ഡിപിആര്‍ അനുസരിച്ച റയില്‍വേ ഭൂമി സില്‍വര്‍ ലൈന്‍ ഉപയോഗിക്കേണ്ടി വരിക. പദ്ധതിക്ക് അംഗീകാരം തരാന്‍ റയില്‍വേ ഭൂമിയാണ് പ്രശ്നമെങ്കില്‍ അലൈന്‍മെന്‍റില്‍ നേരിയ മാറ്റത്തിന് തയാറാണെന്നാണ് കെ റയില്‍ വ്യക്തമാക്കുന്നത്.
പാരിസ്ഥിത പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ അതിനും പരിഹാരം കണ്ടെത്തും. റെയില്‍വേ ഭൂമിക്ക് പകരം മറ്റ് ഭൂമി കണ്ടത്തേണ്ടി വന്നാല്‍ പ്രതിഷേധം കൂടുതലുയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബ്രോഡ്ഗേജാക്കി സില്‍വര്‍ ലൈന്‍ പാത മാറ്റണമെന്നും അതിലൂടെ വന്ദേഭാരതും ചരക്ക് തീവണ്ടികളും ഓടിക്കണമെന്നുമുള്ള റയില്‍വേയുടെ നിര്‍ദേശത്തോട് കെ റയില്‍ യോജിച്ചിട്ടില്ല. പ്രത്യേക റയില്‍ കോറിഡോര്‍ തന്നെ പാത നിലനിര്‍ത്തണമെന്ന കെ റയിലിന്‍റെ ആവശ്യത്തെ പിന്‍തുണച്ച് മെട്രോ മാന്‍ ഇ ശ്രീധരനും കേന്ദ്ര റയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.