ജയില്‍മോചിതനായതിന് പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി യൂട്യൂബര്‍ മണവാളന്‍ എന്ന ഷഹിന്‍ ഷാ. താന്‍ ആരെയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഒരു യുവാവിനെ ആക്രമിച്ച് കടന്ന് കളഞ്ഞ സംഘം രക്ഷപ്പെടാനായി ഓടുന്നതിനിടെ തന്‍റെ കാറിന്‍റെ മുന്നില്‍ വന്ന് ചാടുകയായിരുന്നെന്നും ഷഹിന്‍ പറയുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും ഷഹിന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ കാണിച്ചിരുന്നു.
കേസെടുത്തതിന് ശേഷം 10 മാസം താന്‍ ഒളിവിലാണെന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും അത് വ്യാജമാണെന്നും താന്‍ പൊതുപരിപാടികളിലടക്കം പങ്കെടുത്തിരുന്നെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്‍റെ ചിത്രങ്ങളും ഇയാള്‍ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജയിലിന്‍റെ മുന്നില്‍ നിന്നും റീല്‍ ചിത്രീകരിച്ചിട്ടില്ലെന്നും തന്‍റെ ഉമ്മയെ താന്‍ ഓക്കെയാണെന്ന് കാണിക്കാന്‍ ഉപ്പ ചിത്രീകരിച്ചതാണ് ആ വിഡിയോയെന്നും യാതൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലും അത് പോസ്റ്റ് ചെയ്തിട്ടില്ലെന്നും മണവാളന്‍ പറഞ്ഞു.
ഏപ്രിൽ 19ന് തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു ഷഹിന്‍ ഷാ പിടിയിലായത്. കോളജിന്‍റെ പരിസരത്ത് ഷഹീൻ ഷായും സുഹൃത്തുക്കളും പരസ്യമായി മദ്യപിച്ചിച്ചുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാർഥികളെ പിൻതുടർന്ന് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.
തുടര്‍ന്ന് 10 മാസമായി ഒളിവിലായിരുന്ന യുവാവിനെ കുടകിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ വച്ച് മണവാളന്‍ പരിഹാസത്തോടെ പറഞ്ഞത്. ജില്ലാ ജയിലില്‍ പ്രവേശിക്കും മുൻപ് മണവാളനും സംഘവും റീല്‍സെടുത്തതും ചര്‍ച്ചയായിരുന്നു. തൃശൂർ ജില്ലാജയിൽ അധികൃതർക്കെതിരെ യൂട്യൂബർ മണവാളന്‍റെ കുടുംബം രംഗത്തുവന്നിരുന്നു. മുടി മുറിച്ച് മാനസികമായി പീഡിപ്പിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമായിരുന്നു ആരോപണം.