വയനാട്ടിലെ ഏറ്റവും മനോഹരമായ സ്ഥലമേതാണ് , വയനാടന്‍ തനിമ അതു പോലെ നിലനില്‍ക്കുന്ന ഇടമുണ്ടോ, ഇങ്ങനെ കുറേ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ചേകാടി എന്ന കൊച്ചു കാര്‍ഷിക ഗ്രാമം. 95 ശതമാനം നെല്‍വയലും അതിനു ചുറ്റും വനവും ചേര്‍ന്ന മനോഹര ഗ്രാമം. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. നാലില്‍ മൂന്നു പേരും കര്‍ഷകരുള്ള അപൂര്‍വതയുണ്ടിവിടെ. പുല്‍വീടുകളും കലപ്പ ഉപയോഗിച്ചുള്ള കൃഷി രീതിയുമൊക്കെയായി ആ നാടും അവിടുത്തെ മനുഷ്യരും നമ്മുടെ ഉള്ള് നിറക്കും. വയനാട്ടിലെത്തുന്നവര്‍ മിക്കവരും ചേകാടി കാണണമെന്ന് ആഗ്രഹിക്കുന്നവരാകും. പാലക്കാട്ടെ കൊല്ലങ്കോട് പോലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഇടം കൂടിയാണ് ചേകാടി..
ഇതുവരെ പറഞ്ഞത് ചേകാടി എന്ന സ്വര്‍ഗത്തിന്‍റെ ഇന്നലകളെ പറ്റിയാണ്. പക്ഷെ ഇന്നതല്ല സ്ഥിതി. രംഗം മാറി തുടങ്ങി. ഗന്ധകശാല അടക്കമുള്ള അപൂര്‍വ നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്ന വയലുകള്‍ നികത്തിയുള്ള നിര്‍മാണപ്രവര്‍ത്തി ഒരു ഭാഗത്തു നിന്ന് തുടങ്ങി. ഏക്കര്‍ കണക്കിനു വയല്‍ നികത്തി നിര്‍മിച്ച സ്റ്റഡ് (കുതിര ഫാം) ആണ് ആദ്യത്തേത്. ഹെക്‌ടര്‍ കണക്കിനു നെല്‍വയലുകളിലേക്ക് വെള്ളം എത്തുന്ന ഭാഗത്താണ് വയല്‍ പൂര്‍ണമായും നികത്തി ഫാം കെട്ടി പൊക്കിയത്. ഒരനുമതിയും ഇല്ലാതെയാണ് നിര്‍മാണം. പ്രദേശത്തെ മറ്റു കര്‍ഷകരും ആദിവാസികളും പലതവണ പ്രതിഷേധിച്ചിട്ടും രാഷ്‌ട്രീയ നേതാക്കളുടേയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് കൃത്യം.
കുതിരഫാം വന്നതോടെ പ്രദേശത്തെ ആദിവാസികളുടെ സ്വസ്ഥത നഷ്‌ടപ്പെട്ടു. പുറത്തു നിന്നു വന്നവരും ഫാമിലെ ജീവനക്കാരും അവരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പ്രദേശവാസികള്‍ കാലങ്ങളായി ഉപയോഗിച്ചു വന്നിരുന്ന തോട് ഫാം ഉടമകള്‍ കയ്യടക്കി. നെല്‍വയലിലേക്ക് കടക്കണമെങ്കില്‍ 20 രൂപ നല്‍കണമെന്ന വ്യവസ്ഥ വെച്ചു. ഊരിലേക്കുള്ള ഏക റോഡ് തകര്‍ത്തു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത നിലയായി. കുതിരചാണകം മൂലം ഫാമിനോട് ചേര്‍ന്ന ഹെക്‌ടര്‍ കണക്കിനു വയലുകളും ഭീഷണിയിലായി.
മനോരമ ന്യൂസാണ് നിയമലംഘനത്തിന്‍റെയും നാടിന്‍റെ ദുരിതത്തിന്‍റെയും വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നത്. വാര്‍ത്ത വന്നതിനു പിന്നാലെ അതുവരെ ഉറക്കത്തിലായിരുന്ന പുല്‍പ്പള്ളി പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫിസറും കണ്ണു തുറന്നു. പേരിനൊരു സ്റ്റോപ്പ് മെമോ നല്‍കിയെങ്കിലും ഒരു കാര്യവുമുണ്ടായില്ല. ഫാം ഉടന്‍ പൊളിച്ചു മാറ്റണമെന്നും ഇല്ലെങ്കില്‍ നാടിനാകെ ദോഷമാകുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ട് മാസങ്ങളായി. ഇതുവരെ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. തങ്ങളുടെ കൊടും ദുരിതം പ്രദേശത്തെ ആദിവാസികള്‍ മന്ത്രി കേളുവിനെ നേരിട്ട് അറിയിച്ചിട്ടും മന്ത്രി തിരിഞ്ഞു നോക്കിയില്ല. ദുരിതം പറഞ്ഞ് നൂറു കണക്കിനു കര്‍ഷകര്‍ കൃഷി മന്ത്രി പി.പ്രസാദിനു നിവേദനം നല്‍കിയിട്ടും മന്ത്രിയും വകുപ്പും ഉറക്കത്തിലാണ്. അതിനിടെ ഫാമിലേക്ക് കൂടുതല്‍ കുതിരകളെ ഉടമ കൊണ്ടു വന്നു. ഗള്‍ഫ് വ്യവസായിയില്‍ നിന്നു പണം വാങ്ങിയ രാഷ്ട്രീയ നേതാക്കള്‍ മൗനം തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
കര്‍ഷകര്‍ തങ്ങളുടെ നെല്‍വയലില്‍ ചെറുകുടില്‍ കെട്ടിയാല്‍ പോലും അനാവശ്യമായി ഇടപെടുന്ന സര്‍ക്കാരാണ് പരസ്യമായി നാടിന്‍റെ സര്‍വ നാശത്തെ പ്രോല്‍സാഹിപ്പിക്കുന്നത് എന്നോര്‍ക്കണം, നിയമം നടപ്പിലാക്കാന്‍ എന്ന പേരില്‍ തിരുനെല്ലിയില്‍ ആദിവാസി കുടിലുകള്‍ പൊളിച്ചവരാണ് കണ്ണടച്ചു ചേകാടിയില്‍ നിയമത്തെ കൊഞ്ഞനം കുത്തുന്നതെന്നോര്‍ക്കണം...! വയനാട്ടിലെ ആകെ അവശേഷിക്കുന്ന നെല്‍വയലുകളിലേക്ക് കണ്ണുംനട്ടു കാത്തിരിക്കുന്ന മാഫിയകള്‍ക്ക് ജില്ലയില്‍ ഭരണകൂടം ഒത്താശ ചെയ്യുന്നതാണ് കാഴ്‌ച, വിഷയത്തില്‍ കൃഷി വകുപ്പ് പോലും ഗുരുതര അലംഭാവം കാണിക്കുന്നതാണ് കാഴ്ച
വരും തലമുറക്ക് ചേകാടിയെ ചേകാടിയായി കാണാന്‍, അവിടുത്തെ ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും സ്വസ്ഥത ലഭിക്കാന്‍ ആരുടെ കാല് പിടിക്കണമെന്നാണ് നിസഹായതയോടെയുള്ള ചോദ്യം