പകുതിവിലത്തട്ടിപ്പില്‍ കൊല്ലത്തും പൊലീസ് അന്വേഷണം. നൂറിലധികം പേരാണ് ചവറ, ഓച്ചിറ ഭാഗങ്ങളില്‍ തട്ടിപ്പിനിരയായത്. നാല്‍പ്പത്തിയഞ്ചു പരാതികളില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഓച്ചിറ സീഡ് സൊസൈറ്റിക്ക് കീഴില്‍ 94 പേര്‍ തട്ടിപ്പിനിരയായെന്നാണ് പ്രാഥമിക വിവരം. 65 പേര്‍ക്ക് ലാപ്ടോപ്പ് ലഭിക്കാനുണ്ട്. 36 പേര്‍ക്ക് മൊബൈല്‍ഫോണും, കൂടാതെ ഗൃഹോപകണങ്ങളും ലഭിക്കാനുളളവരും ഏറെയാണ്. കുറച്ചുപേര്‍ മാത്രമാണ് പരാതിയുമായി രംഗത്തുളളത്. സീഡ് ഏജൻസിയുടെ ചുമതലക്കാരനായിരുന്ന കരുനാഗപ്പള്ളി തഴവ സ്വദേശി മുഹമ്മദ് നൗഫലും അനന്തുകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കി.
ചവറ, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളിലായി 45 പരാതികളാണ് ലഭിച്ചത്. ചവറയില്‍ നാല്‍പതു പേര്‍ ഒപ്പിട്ട ഒരു പരാതിയാണുളളത്. ഓരോ പരാതികളിലും പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്ന നടപടി പൊലീസ് തുടരുകയാണ്.