medha-patkar

കർഷകരുടെയും സാധാരണ ജനവിഭാഗങ്ങളുടെയും കൂടെയാണ് സർക്കാരെങ്കിൽ പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാല അനുമതി പിൻവലിക്കണമെന്ന് മേധാ പട്കർ. ജലമൂറ്റുന്ന പ്ലാച്ചിമടയിലെ കോള കമ്പനി പ്രതിഷേധത്തിൽ മുട്ടുമടക്കിയത് കണ്ടില്ലെന്ന് നടിക്കരുതെന്നും മേധ പറഞ്ഞു. മണ്ണുക്കാട് മദ്യവിരുദ്ധ ജനകീയ സമിതിക്കൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ച് സമരമുഖത്ത് ഒപ്പമുണ്ടാകുമെന്ന വാക്കും നൽകി.

 

ദാഹജലത്തിനായി കേഴുന്ന എത്രയോ ജനവിഭാഗങ്ങൾക്ക് വേണ്ടി പോരാടി അവകാശം ഉറപ്പാക്കിയ സമരവീര്യം. നാടിന്‍റെയാകെ ജലമൂറ്റി നാട്ടാരെല്ലാം കുടിനീര് തേടി പലായനം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു കേൾക്കുന്ന പദ്ധതി. പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും കർഷകരും സങ്കടം നിരത്തിയപ്പോൾ മേധ പട്കർ എലപ്പുള്ളിയിലെ പ്രകൃതി ചൂഷണ അപകടത്തിന്‍റെ വ്യാപ്തി തിരിച്ചറിഞ്ഞു. മദ്യ നിർമാണശാല കമ്പനിയുടെ മുൻകാല പ്രകൃതി ചൂഷണ അനുഭവങ്ങളെല്ലാം നിരത്തി സർക്കാരിനെ ഓർമപ്പെടുത്തുകയാണ്. സാധാരണക്കാരുടെ കുടിനീര് മുട്ടിക്കരുത്.

എലപ്പുള്ളി പഞ്ചായത്തും വിവിധ രാഷ്ട്രീയ സംഘടനകളും സമരമുഖത്തുള്ളപ്പോൾ മേധ പട്കറുടെ സാന്നിധ്യം വീണ്ടും ആവേശമായി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്‍റ് രേവതി ബാബു, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ മേധയ്ക്കൊപ്പം സമരാവേശത്തിന്‍റെ ഭാഗമായി. നിലപാട് മാറ്റത്തിന് സർക്കാരിന് മനസില്ലെങ്കിൽ വീണ്ടും വരുമെന്നുറപ്പിച്ചാണ് മേധ മടങ്ങിയത്.

ENGLISH SUMMARY:

Medha Patkar demands the revocation of the license for the liquor manufacturing unit in Elappully