സംസ്ഥാനത്ത് കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാര്‍ക്കുകള്‍ വരുമെന്ന് ധനമന്ത്രി. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 25 ഏക്കര്‍ സ്ഥലത്ത് അഞ്ചുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ക്യാംപസ് സ്ഥാപിക്കുന്നതിനായി 293.22 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചു. സര്‍ക്കാരില്‍ നിന്നും പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെയോ ഭൂമിയില്‍ ഇത്തരം സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നത് വഴി ലാഭകരമായ പ്രവര്‍ത്തനം നടത്താനാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കിഫ്ബി വിഭാവനം ചെയ്യുന്ന റവന്യൂ ജനറേറ്റിങ് പദ്ധതികളുടെ ഭാഗമായാണ് ഇവ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോര്‍പ്പറേഷന്‍റെ ഭൂമി പ്രയോജനപ്പെടുത്തിയാകും കൊല്ലത്ത് ഐടി പാര്‍ക്ക് നിര്‍മിക്കുക. കിഫ്ബിയും കിന്‍ഫ്രയും കൊല്ലം കോര്‍പറേഷനും തമ്മില്‍ ഇതിനായുള്ള കരാറില്‍ എത്തും. 2025–26 ല്‍ പാര്‍ക്കിന്‍റെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.