k-homes-budget

സംസ്ഥാനത്ത് താമസക്കാരില്ലാതെ അടഞ്ഞു കിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി സഞ്ചാരികള്‍ക്കായി നല്‍കുന്നതിലൂടെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ത്തുന്നതിനായി കെ– ഹോംസ് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.  ഇതിന്‍റെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ചുകോടി രൂപ വകയിരുത്തി. ലോകമെങ്ങുമുള്ള സമാന രീതികളില്‍ നിന്നും മാതൃകയും നടത്തിപ്പുരീതികളും സ്വീകരിച്ചുകൊണ്ട് മിതമായ നിരക്കില്‍ താമസം ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ഉള്ളടക്കമെന്നും ധനമന്ത്രി പറഞ്ഞു. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടിന്‍റെ പരിപാലനവും സുരക്ഷയും ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. 

 

ഫോര്‍ട്ട്കൊച്ചി, കോവളം, കുമരകം, മൂന്നാര്‍ തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള വീടുകളിലാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുക. ഇതന്‍റെ ഫലം വിലയിരുത്തിയ ശേഷം സംസ്ഥാനത്തുടനീളം പദ്ധതി വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 

തീക്ഷ്ണമായ ധനഞെരുക്കത്തെ കേരളം അതിജീവിച്ചുവെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോള്‍ മറച്ചുവയ്ക്കാനല്ല, ജനങ്ങളോട് തുറന്ന് പറഞ്ഞ്  പരിഹാരം നേടാനാണ് ഈ സര്‍ക്കാര്‍തയ്യാറായതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഭാവിയില്‍ മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് കേരളം പുരോഗമിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വെളിപ്പെടുത്തി.

ENGLISH SUMMARY:

Kerala government introduces the K-Homes project to convert vacant houses into tourist accommodations. ₹5 crore has been allocated for the initiative, which aims to provide affordable stays by adopting global models.