പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത് എത്തിച്ചത് മറ്റൊരു പ്രതിയായ കെ.എന്‍ ആനന്ദകുമാര്‍. ആനന്ദകുമാറിന്‍റെ സത്യസായ് ട്രസ്റ്റിന്‍റെ ചുമതലക്കാരന്‍ എന്ന നിലയിലാണ് പ്രധാനമന്ത്രിയെ കാണാന്‍ അനന്തു അനുമതി നേടിയത്. വിവിധ സന്നദ്ധസംഘടനകളുമായി നിയമപരമായ കരാറുണ്ടാക്കി വിശ്വാസ്യത ഉറപ്പിച്ചായിരുന്നു അനന്തുവിന്‍റെ ഓഫര്‍ കൊള്ള. 

പകുതി വിലയ്ക്ക് സ്കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണനും സംഘവും സംസ്ഥാനമാകെ കോടികളുടെ തട്ടിപ്പാണ് നടത്തിയത്. എന്‍ജിഒ കൂട്ടായ്മയുടെ പേരില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉറപ്പാക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചിരിച്ചിരുന്നു. പ്രമുഖരുമായും പൊതുസ്വീകാര്യതയുള്ളവരുമായും അടുത്ത ബന്ധം നിലനിര്‍ത്തി. ഭരണനേതൃത്വത്തുള്ളവരുമായി കൂടിക്കാഴ്ച്ചകള്‍ നടത്തുകയും രാഷ്ട്രീയഭേദമന്യേ നേതാക്കളെ പരിപാടികളില്‍ അതിഥികളാക്കുകയും ചെയ്തു. 

ഇത്തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അനന്തു കൃഷ്ണന്‍ ആനന്ദകുമാറിനൊപ്പം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 2024 ഫെബ്രുവരിയില്‍ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. ആനന്ദകുമാറിന്‍റെ സത്യസായി ട്രസ്റ്റിന്‍റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്ന നിലയിലാണ് അനന്തു കൃഷ്ണന്‍ മോദിക്ക് അരികിലേയ്ക്ക് എത്തിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സുരക്ഷാ പാസ് നേടിയതും ഈ നിലയിലാണ്. 

അനന്തുവുമായുള്ള ഭിന്നതയെത്തുടര്‍ന്ന് എന്‍ജിഒ കൂട്ടായ്മയില്‍ നിന്ന് ജൂലൈയില്‍ ആനന്ദകുമാര്‍ രാജിവച്ചു. പ്രൊഫഷണല്‍ സര്‍വീസസ് ഇന്നോവേഷന്‍സ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്‍റെ ഉടമ എന്ന നിലയില്‍ വിവിധ സംഘടനകളുമായി അനന്തു കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. അനന്തുവിന്‍റെ സ്ഥാപനം അതാതു സമയങ്ങളില്‍ നല്‍കുന്ന സര്‍ക്കുലറുകള്‍ക്ക് അനുസരിച്ചാണ് കരാറിലേര്‍പ്പെടുന്ന സംഘടന പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന് നിര്‍ദേശമുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തണ്ടതും സ്കൂട്ടറും ലാപ്ടോപും തയ്യല്‍ മെഷീനും വിതരണം ചെയ്യുന്ന ചടങ്ങിലേയ്ക്ക് അവരെ ക്ഷണിക്കേണ്ടതും സംഘടനകളാണ്. 

ENGLISH SUMMARY:

Ananthu Krishnan, the prime accused in the massive half-price scam, met Prime Minister Narendra Modi through K.N. Anandakumar, another key suspect in the case.